പീരുമേട്: സംസ്ഥാനത്തിന് എയിംസ് അനുവദിക്കുകയാണെങ്കിൽ ചികിത്സാ രംഗത്ത് പിന്നാക്കം നിൽക്കുന്ന പീരുമേട്ടിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ കമ്മിഷൻ, നിയമസഭ പെറ്റീഷൻ കമ്മിറ്റി, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് വീണ്ടും നിവേദനം നൽകി. കേരളത്തിന് അടുത്ത ഘട്ട പ്രഖ്യാപനത്തിൽ എയിംസ് ആശുപത്രി അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിക്ക് ഗിന്നസ് മാടസാമി നൽകിയ നിവേദനത്തെ തുടർന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലത്തിലെ ഡെപ്യൂട്ടി സെക്രട്ടറി എൻ.കെ. ഓസയാണ് കേരളത്തിന് എയിംസ് അനുവദിക്കുന്ന വിഷയത്തിൽ കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരം ഓരോ സംസ്ഥാനത്തും ഘട്ടം ഘട്ടമായി എയിംസ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതിയുണ്ടെന്നും 2014ൽ മുഖ്യമന്ത്രിയോട് മൂന്നോ നാലോ സ്ഥലങ്ങൾ കണ്ടെത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാർ സംസ്ഥാനത്ത് പുതിയ എയിംസ് സ്ഥാപിക്കുന്നതിന് വേണ്ടി തിരുവനന്തപുരം, കോട്ടയം എറണാകുളം, കോഴിക്കോട് ജില്ലകളിലെ സ്ഥലങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും കർഷകരും അധിവസിക്കുന്ന പീരുമേട്ടിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഉറപ്പാക്കാൻ എയിംസ് തന്നെ സ്ഥാപിക്കണമെന്നും ഇതിനായി താലൂക്കിൽ ആവശ്യത്തിന് റവന്യൂ ഭൂമി ഉണ്ടെന്നും നിവേദനത്തിലൂടെ ചൂണ്ടികാണിച്ചിട്ടുണ്ട്.