
തൊടുപുഴ: മുതിർന്നപൗരന്മാരോടുള്ള അതിക്രമത്തിനെതിരെയുള്ള ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ അഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. തൊടുപുഴ മുതലക്കോടം സ്‌നേഹാലയം വൃദ്ധസദനത്തിൽ നടന്ന പരിപാടി തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷംനാദ് ബോധവത്കരണ ഓറിയന്റേഷൻ നയിച്ചു. സിസ്റ്റർ ആൻസ് മരിയ ആശംസാ പ്രസംഗം നടത്തി. തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ബോധവത്കരണ സന്ദേശയാത്രയും നോട്ടീസ് വിതരണവും നടത്തി. എല്ലാ പൊതുവിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കുന്നതിനായി പ്രതിജ്ഞയെടുത്തു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും അംഗൻവാടികളിലും മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള നിയമ പരിരക്ഷ, പദ്ധതികൾ എന്നിവ സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന്റെ പോസ്റ്റർ വിതരണവും നടന്നു. സന്ദേശയാത്ര തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ഫ്ളാഗ് ഓഫ് ചെയ്തു. തൊടുപുഴ, ചെറുതോണി, കട്ടപ്പന, അടിമാലി, ഇടുക്കി തുടങ്ങി വിവിധ പ്രദേശങ്ങളിൽ സന്ദേശയാത്ര സഞ്ചരിച്ചു.