abdul
കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുത്തൻപീടികയിൽ അബ്ദുൾ മുജീവ് (14).

കട്ടപ്പന: മുണ്ടിയെരുമ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ചികിത്സാ പിഴവിനെ തുടർന്ന് ഒമ്പതാംക്ലാസ് വിദ്യാർത്ഥിയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നതായി ആക്ഷേപം. കല്ലാർ ഗവ. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി സന്യാസിയോട സ്വദേശി പുത്തൻപീടികയിൽ അബ്ദുൾ മുജീവിനാണ് (14) ദുരനുഭവമുണ്ടായത്. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പനിയ്ക്ക് ചികിത്സയ്ക്കെത്തിയ കുട്ടിയ്ക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇത് പിന്നീട് പഴുത്ത് ശസ്ത്രക്രി ചെയ്യേണ്ടി വരികയായിരുന്നു. നിലവിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർത്ഥി. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും ഉൾപ്പെടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ചിനാണ് സ്‌കൂളിൽ വച്ച് കുട്ടിയ്ക്ക് കഠിനമായ പനിയുണ്ടായത്. തുടർന്ന് സ്‌കൂളിന്റെ സമീപമുള്ള മുണ്ടിയെരുമ ഗവ. ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. ചികിത്സയുടെ ഭാഗമായി ഇഞ്ചക്ഷൻ എടുത്തപ്പോൾ നേരാംവണ്ണം പരിചരിക്കാത്തതിനെ തുടർന്ന് ഇഞ്ചക്ഷൻ എടുത്ത ഭാഗം പഴുത്തു. തുടർന്ന് ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയ്ക്കായി ചെന്നു. എന്നാൽ ഒരുപാട് രോഗികൾ വരുന്ന ആശുപത്രിയാണ് ഇതെന്നും ഇതിൽ കൂടുതലായി ഒന്നും ഞങ്ങളെക്കൊണ്ട് പരിചരിക്കാൻ കഴിയില്ലെന്നുമാണ് മറുപടി ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് അബ്ദുൾ നജീം പറഞ്ഞു. തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പഴുപ്പ് നീക്കം ചെയ്യാൻ 12ന് ശസ്ത്രക്രിയ ചെയ്യുകയുമായിരുന്നു.