ഇടുക്കി : ജില്ലയിലെ ഏറ്റവും മികച്ച ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനംഗവ. എച്ച്.എസ്.എസ്.കുടയത്തൂർ, രണ്ടാം സ്ഥാനം ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസ് കൂമ്പൻപാറ, മൂന്നാംസ്ഥാനം ഗവ. എച്ച്.എസ്.എസ്. കല്ലാർ സ്കൂളും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർരായ സ്കൂളുകൾക്ക് യഥാക്രമം 30,000/, 25,000/, 15,000/രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നത്.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 86 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപ്ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനർഹരായവരെ കണ്ടെത്തിയിട്ടുള്ളത്.ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ കൊമേഴ്സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ പ്രവർത്തനം ഹയർസെക്കണ്ടറി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.