
കട്ടപ്പന: മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി വെള്ളിലാംകണ്ടം കുഴൽപാലം സൗന്ദര്യവത്ക്കരിക്കാനുള്ള ആലോചനക്ക് കിഫ്ബിയുടെ അനുമതിയില്ല.ജില്ലയുടെ ടൂറിസം രംഗത്ത് മറ്റൊരു ഡെസ്റ്റിനേഷനായി മാറേണ്ട പ്രൊജക്ടിനാണ് മങ്ങലേറ്റത്.
കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവെ നിർമാണത്തിന്റെ ഭാഗമായ വെള്ളിലാംകണ്ടം കുഴൽപാലത്തിന്റെഇരുവശവും ഇരിപ്പടങ്ങൾ ഉൾപ്പടെ നിർമ്മിച്ച് നവീകരണത്തിന് മൂന്നരകോടി രൂപ മുടക്കും എന്നായിരുന്നു പ്രഖ്യാപനം.എന്നാൽ കിഫ്ബിയുടെ അനുമതി കിട്ടാത്തതിനാൽ ഒന്നരക്കോടി രൂപ ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം.
റോഡിനൊപ്പം കൽക്കെട്ട് ഉയർത്തി ബലപ്പെടുത്തുവാനും നിശ്ചയിച്ചിരുന്നു.എന്നാൽ കിഫ്ബി അനുമതി നൽകാത്തതിനാൽ ഇടുക്കി പദ്ധതി ക്യാച്ച്‌മെന്റ് ഏരിയയുടെ പരമാവധി ജലനിരപ്പിനൊപ്പം മാത്രമാണ് കൽക്കെട്ട് നിർമ്മിക്കുന്നത്.ബാക്കി ഭാഗം മണ്ണ് ഉപയോഗിച്ച് ബലപ്പെടുത്തുവാനാണ് നീക്കം.18.5 മീറ്റർ വീതി എന്നുള്ളത് 12.5 മീറ്ററാക്കി കുറച്ചിട്ടുമുണ്ട്. ഇതോടെ ചരിത്രത്തിലെ ഭാഗമായ കുഴൽ പാലത്തിന്റെ നവീകരണവും അതിനോട് അനുബന്ധിച്ച ടൂറിസം സ്വപ്നങ്ങളും നഷ്ടമായിരിക്കുകയാണ്.
=ഏഷ്യയിലെ ഏറ്റവും വലിയ മൺപാലങ്ങളിൽ ഒന്നാണ് കാഞ്ചിയാർഅയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളിലാംകണ്ടത്തെ കുഴൽപാലം.
പൂന്തോട്ടവും ഇരിപ്പിടവും
മലയോര ഹൈവെ നിർമ്മാണത്തിന്റെ ഭാഗമായി മൂന്നരകോടി രൂപ രൂപ ഉപയോഗിച്ച് നവീകരണം നടത്താൻ തീരുമാനിപ്പോൾ മേഖലയിലെ ടൂറിസം സാദ്ധ്യത കണക്കിലെടുത്ത് പാലത്തിന് ഇരുവശത്തും പൂന്തോട്ടങ്ങളോട് കൂടിയുള്ള ഇരിപ്പടങ്ങൾ ഉൾപ്പടെയാണ് വിഭാവനം ചെയ്തിരുന്നത്.ഈ പദ്ധതിയാണ് ഇപ്പോൾ വെട്ടിക്കുറച്ചിരിക്കുന്നത്.
മണ്ണൊലിപ്പ് ഉണ്ടാകുകയും പലതവണ ടാറിങ്ങിനരികിൽ കുഴികൾ രൂപപ്പെടുകയും ചെയ്തപ്പോൾ ടാറിങ് ഉൾപ്പടെ 18.5 മീറ്ററായി വീതി കൂട്ടാനാണ് തീരുമാനിച്ചത്.
പഞ്ചായത്തുകളെ
അറിയിച്ചില്ല
പൊതുമരാമത്തിന്റെ ഈ നടപടിക്കെതിരെ കാഞ്ചിയാർ, അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ പ്രതിഷേധവുമായി രംഗത്ത് വന്നു.കാഞ്ചിയാർ,അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ സംയുക്തമായി പാലം നവീകരണവും സൗന്ദര്യവൽക്കരണവും ലക്ഷ്യ മിട്ട് സർക്കാരിനെ സമീപിച്ചതിനെ തുടർന്നാണ് മൂന്നരക്കോടിയോളം രൂപയുടെ പദ്ധതി തയാറാക്കിയിരുന്നത്.അതെ സമയം പദ്ധതിയിൽ മാറ്റം വരുത്തിയ വിവരം ഇരുപഞ്ചായത്തുകളെയും അധികൃതർ അറിയിച്ചിട്ടില്ല.ടൂറിസം സാധ്യതകൾക്ക് മങ്ങൽ ഏൽപ്പിക്കുന്ന ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്ന് ഇരുപഞ്ചായത്ത് ഭരണസമിതികളും അറിയിച്ചു.