കട്ടപ്പന: കഴിഞ്ഞ വേനൽ ചൂടിൽ കേരളത്തിൽ ഏറ്റവുമധികം കൃഷി നാശമുണ്ടായത് ഇടുക്കി ജില്ലയിലായിരുന്നു. മലയോര മേഖലകളിലായിരുന്നു ഏറിയപങ്ക് നാശവും. ഇതിൽ ഏലം മേഖലയ്ക്കുണ്ടായ നാശം വലിയ വലിയ ചർച്ചയാവുകയും മന്ത്രിമാരടക്കം തോട്ടങ്ങൾ സന്ദർശിക്കുകയും ചെയ്തു. എന്നാൽ ചെറുകിട തേയില കർഷകരുടെ ദുരവസ്ഥ കാണാൻ അധികൃതർക്ക് സാധിച്ചില്ല. ആയിരത്തോളം ചെറുകിട തേയില കർഷകരാണ് ഇടുക്കിയിലുള്ളത്. ഇവരിൽ ഭൂരിഭാഗം പേരുടെയും തേയില ചെടികൾ കരിഞ്ഞുണങ്ങി. ചെറുകിട തോട്ടം മേഖലയിൽ 25ശതമാനം നാശനഷ്ടമുണ്ടായതായാണ് കണക്ക്. ഏകദേശം അഞ്ച് കോടി രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. കാലാവസ്ഥയും വിലയിടിവും കാരണം കണ്ണീരിലായ കർഷകനെ സഹായിക്കാൻ സർക്കാരും വിമുഖത കാണിച്ചാൽ ചെറുകിട തേയിലതോട്ടം മേഖല ഹൈറേഞ്ചിൽ നാമാവശേഷമാകുമെന്നാണ് വിലയിരുത്തൽ.
കൊളുന്തിനായി കാത്തിരിപ്പ്;
ഒപ്പം വ്യാജന്മാരുടെ കടന്നുവരവും
കരിഞ്ഞുണങ്ങിയ തേയില ചെടികളിൽ നിന്ന് കൊളുന്ത് നുള്ളണമെങ്കിൽ കർഷകർ ഇനി ആറ് മാസത്തോളം കാത്തിരിക്കണം. ജൂൺ പകുതി കഴിഞ്ഞിട്ടും കാലവർഷം ശക്തമാകാത്തതും പ്രതിസന്ധിയാണ്. ഇടനിലക്കാരുടെ ചൂഷണം കാരണം ന്യായവില പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കാലാവസ്ഥയും വില്ലനാകുന്നത്. ആഗോള വിപണിയിൽ തേയിലയ്ക്ക് വില വർദ്ധിച്ചിട്ടുണ്ടെങ്കിലും ഇടുക്കിയിലെ കർഷകർക്ക് ഗുണമുണ്ടായിട്ടില്ല. ഫാക്ടറികളിലേയ്ക്ക് അമിതമായി പച്ചകൊളുന്ത് എത്തിച്ച് തമിഴ്നാട് ലോബിയാണ് ഇടുക്കിയിൽ നിന്ന് ലാഭം കൊയ്യുന്നത്. ഊട്ടി പോലുള്ള സ്ഥലങ്ങളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞ കൊളുന്ത് എത്തിച്ച് ഉത്പന്നമാക്കി മാറ്റി ഇടുക്കിയിലെ തേയിലയെന്ന ലേബലിലാണ് കയറ്റുമതി ചെയ്യുന്നത്.
'കൃഷി നാശമുണ്ടായവർ ടീ ബോർഡിനെയും സംസ്ഥാന സർക്കാരിനെയും നഷ്ടപരിഹാരത്തിനായി സമീപിച്ചെങ്കിലും ലഭിക്കാൻ അർഹതയില്ലന്നാണ് മറുപടി ലഭിച്ചത്.
തേയില ഉത്പാദനം കൃഷി അല്ലെന്നും വ്യവസായമാണെന്നുമാണ് സർക്കാർ രേഖകളിൽ പറയുന്നത്."
-ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ
=വേനൽചൂടിൽ അഞ്ച് കോടിയുടെ നാശനഷ്ടം
=വ്യാജനായി ഊട്ടി തെയില വിപണിയിൽ