online-crime

നാല് ദിവസം മുമ്പ്,​ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്നത് തടയാൻ ജില്ലാ പൊലീസ് മേധാവിമാർ വ്യാപകമായി പ്രചരണം നടത്തണമെന്നും ഇതിനായി ജനമൈത്രി പൊലീസിന്റെ സേവനം വിനിയോഗിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നൽകിയ നിർദേശം എത്രമാത്രം ഗൗരവതരമാണ് സംസ്ഥാനത്ത് ദിവസവും നടക്കുന്ന ഓൺലൈൻ തട്ടിപ്പുകളെന്നത് വെളിവാക്കുന്നതാണ്. ഓരോ മാസവും കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനുകീഴിൽ റിപ്പോർട്ട് ചെയ്യുന്നത് ശരാശരി 50 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പാണെന്നാണ് അനൗദ്യോഗിക കണക്ക്. ബുദ്ധിമാന്മാരെന്ന് സ്വയം കരുതുന്ന പലരും കബളിപ്പിക്കലിന് ഇരയായി പണം നഷ്ടപ്പെട്ടെങ്കിലും നാണക്കേടുകൊണ്ട് പുറത്തുപറയാത്ത സംഭവങ്ങളുമുണ്ട്. ജനങ്ങളുടെ അശ്രദ്ധയും അറിവില്ലായ്മയും മുതലെടുത്താണ് ഭൂരിഭാഗം തട്ടിപ്പുകളും നടക്കുന്നത്. വിദ്യാസമ്പന്നരായവർ ഉൾപ്പെടെയാണ് തട്ടിപ്പിന് ഇരയാകുന്നത്. പിടിയാലാകുന്നവർ ചുരുക്കമാണ്. അതിലും ഏറെപ്പേർ കാണാമറയത്താണ്. എസ്.എം.എസ്, ടെലിഗ്രാം, വാട്സ്ആപ്പ് തുടങ്ങിയവയിലൂടെയാണ് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്.

ബാങ്ക് ആപ്പിലൂടെ വരെ തട്ടിപ്പ്
മാസങ്ങൾക്ക് മുമ്പ് തൊടുപുഴയ്ക്കടുത്തുള്ള ഒരു വ്യാപാരിക്ക് എസ്.ബി.ഐയുടെ യോനോ ആപ്പിലൂടെ നഷ്ടമായത് 10 ലക്ഷം രൂപയാണ്. സെപ്തംബർ 25ന് പരാതിക്കാരന്റെ ഫോണിലേക്ക് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ യോനോ ആപ്പ് വഴി ലോൺ നൽകുമെന്ന് പറഞ്ഞ് ഒരു എസ്.എം.എസ് എത്തി. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്‌പ്പോൾ ഒരാൾ തിരികെ വിളിച്ച് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാൻകാർഡ് എന്നിവ വാങ്ങി. ഇതുപയോഗിച്ച് ഇവർ യോനോ ആപ്പിൽ കയറാൻ ശ്രമിച്ചു. ഫോർഗോട്ട് പാസ്‌വേർഡ് ഓപ്ഷൻ കൊടുത്തപ്പോൾ ഒരു ഒ.ടി.പി വ്യാപാരിയുടെ ഫോണിലേക്ക് വന്നു. ഇത് ലോണിന്റെ കോഡാണെന്ന് പറഞ്ഞപ്പോൾ പരാതിക്കാരൻ ഒ.ടി.പി പറഞ്ഞു നൽകി. ആ സമയം ആപ്പിന്റെ എം പിൻ തട്ടിപ്പുകാർ മാറ്റി. അങ്ങിനെ മൂന്ന് തവണ ഇവർ ഒ.ടി.പി ചോദിച്ചു വാങ്ങി. പരാതിക്കാരന്റെ അക്കൗണ്ട്, ഇന്റർനെറ്റ് ബാങ്കിംഗ് പ്രൊഫൈൽ, പാസ്‌വേർഡ് എന്നിവ സംഘത്തിന്റെ കൈയിലായി. തുടർന്ന് ഇവർ രണ്ട് ബെനിഫിഷ്യറി അക്കൗണ്ടുകളും ഇതിൽ ആഡ് ചെയ്തു. വായ്പ കുറച്ചു ദിവസത്തിനുള്ളിൽ കിട്ടുമെന്നാണ് തട്ടിപ്പുകാർ അറിയിച്ചത്. ഇതിനിടെ പരാതിക്കാരൻ ഒരു സഹകരണ സംഘത്തിൽ നിന്ന് 15 ലക്ഷം രൂപ വായ്പയെടുത്തു. ഇത് എസ്.ബി.ഐ അക്കൗണ്ടിലേക്ക് മാറ്റി. ആ തക്കത്തിന് തട്ടിപ്പുകാർ രണ്ട് ബെനിഫിഷ്യറി അക്കൗണ്ട് വഴി 10 ലക്ഷം രൂപ ഒക്ടോബർ രണ്ടിനും മൂന്നിനുമായി പിൻവലിക്കുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് എ.ടി.എം കാർഡ് വഴി ഇവർ പണം എടുക്കുകയും ചെയ്തു. തട്ടിപ്പ് മനസിലാക്കിയ വ്യാപാരി ബാങ്കുമായി ബന്ധപ്പെട്ട് യോനോ അക്കൗണ്ട് മരവിപ്പിക്കുകയും തുടർന്ന് പൊലീസിൽ പരാതിയും നൽകി. പണം പിൻവലിച്ച ബെനിഫിഷ്യറി അക്കൗണ്ട് പരിശോധിച്ച് പൊലീസ് പ്രതിയെ ബീഹാറിലെത്തിയാണ് പിടികൂടിയത്.

ഗെയിം കളിച്ചതേ ഓർമ്മയുള്ളൂ
തൊടുപുഴയ്ക്കടുത്തുള്ള ഒരു യുവാവിന് ടെലഗ്രാമിൽ ഒരു മെസേജ് വരുന്നു. പണം കിട്ടുന്ന ഒരു ഗെയിമെന്ന രീതിയിലാണ് പരിചയപ്പെടുത്തിയത്. ഒമ്പത് ടാസ്‌കുകൾ നൽകും. ഇതിനായി ആദ്യം 500 രൂപ നൽകണം. ഇതിൽ ജയിച്ചാൽ കൂടുതൽ തുക ലഭിക്കും. അപ്പോൾ കൂടുതൽ പണമടച്ച് അടുത്ത ടാസ്‌കിൽ പങ്കെടുക്കണം. ഓരോ ടാസ്‌കും കഴിയുമ്പോൾ അടയ്ക്കുന്ന പൈസയും നാലിരട്ടി തുകയായ അയ്യായിരവും പതിനായിരവും വീതം ഇയാളുടെ അക്കൗണ്ടിലെത്തി. അങ്ങിനെ ഏഴ് ടാസ്‌കുകൾ കഴിഞ്ഞപ്പോൾ കുറച്ചധികം തുക യുവാവിന്റെ അക്കൗണ്ടിൽ എത്തി. അടുത്ത ടാസ്‌കിൽ അഞ്ച് ലക്ഷമാണ് അവർ ആവശ്യപ്പെട്ടത്. പണം യുവാവ് നൽകി. അടുത്ത ടാസ്‌കിൽ വിജയിച്ചെങ്കിലും പണം പിന്നെ തിരിച്ചു കിട്ടിയില്ല. അന്വേഷണത്തിൽ ഝാർഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, മുർഷിദാബാദ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് സൗഹൃദം വഴിയും തട്ടിപ്പുകൾ നടക്കുന്നുണ്ട്. വിദേശത്തെ കോടീശ്വരനാണെന്ന പേരിലാണ് തൊടുപുഴക്കാരിയായ വീട്ടമ്മയ്ക്ക് സൗഹൃദാഭ്യർത്ഥന വന്നത്. ഏറെ നാൾ ഒരു പ്രശ്നവുമില്ലാതെ മാന്യമായി ചാറ്റ് ചെയ്തു. ഇതിനിടെ ചില പ്രശ്നങ്ങൾ കാരണം ബാങ്ക് അക്കൗണ്ട് ബ്ലോക്കായെന്നും കുറച്ച് തുക വേണമെന്നും ഇരട്ടിയായി തിരിച്ചു നൽകാമെന്നും കോടീശ്വരൻ വീട്ടമ്മയ്ക്ക് സന്ദേശമയച്ചു. വാക്ക് വിശ്വസിച്ച് ഒരു ലക്ഷം രൂപയോളം കൊടുത്തു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും തുക ആവശ്യപ്പെട്ടു. അതും നൽകി. വീണ്ടും കുറച്ചേറെ തുക ആവശ്യപ്പെട്ടു. അതും കൊടുത്തതോടെ പിന്നെ പൊടിപോലുമുണ്ടായില്ല.

സൗഹൃദത്തിന്റെ പേരിൽ വിലകൂടിയ ഐഫോണും ആഭരണവും വിദേശത്ത് നിന്ന് അയച്ചിട്ടുണ്ടെന്ന് പറഞ്ഞും തട്ടിപ്പ് നടന്നിട്ടുണ്ട്. ഇവിടെയും ഒരു യുവതിയാണ് കബളിപ്പിക്കപ്പെട്ടത്. സാങ്കേതിക കാരണങ്ങളാൽ എയർപോർട്ടിൽ കുടുങ്ങിക്കിടക്കുകയാണെന്നും കുറച്ച് പണം ഇന്ന അക്കൗണ്ടിലേക്ക് അയച്ചാൽ വിട്ടുകിട്ടുമെന്നും അറിയിച്ചു. സമ്മാനങ്ങളുടെ ഫോട്ടോയും അയച്ചു. പണം അടച്ചെങ്കിലും സമ്മാനം കിട്ടിയില്ല. ലക്ഷക്കണക്കിന് രൂപയാണ് യുവതിയ്ക്ക് നഷ്ടമായത്.

പാസ്റ്റർ മുതൽ ബാങ്ക് മാനേജർ വരെ

ചികിത്സാ സഹായത്തിന്റെ പേരിൽ ഒരു പാസ്റ്ററിനെ കബളിപ്പിച്ച് പണം വാങ്ങിയ കേസും തൊടുപുഴയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിൽ ഒരു സുഹൃത്തിന്റെ വ്യാജ ഐഡിയുണ്ടാക്കിയ ശേഷം കുട്ടി ആശുപത്രിയിലാണെന്നും പണം തന്ന് സഹായിക്കണമെന്നും പാസ്റ്ററിന് സന്ദേശമയച്ചു. പാസ്റ്റർ ആദ്യം പണം അയച്ചു. രണ്ടാമതും പണം ചോദിച്ചപ്പോൾ സംശയം തോന്നിയ പാസ്റ്റർ സുഹൃത്തിനെ ഫോണിൽ വിളിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസിലാകുന്നത്.

തട്ടിപ്പുകാരുടെ വലയിൽ വീണവരിൽ ബാങ്ക് മാനേജരുമുണ്ടൈന്നത് പൊലീസിനെ പോലും ഞെട്ടിച്ചു. പത്തനംതിട്ടയിലെ പ്രമുഖ ദേശസാത്കൃത ബാങ്കിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയാണ് ലോൺ തട്ടിപ്പിൽ വീണത്. ഒന്നര ലക്ഷം രൂപ ലോൺ തരാമെന്ന് പറഞ്ഞ് പലതവണയായി പ്രൊസസിംഗ് ഫീസെന്ന പേരിൽ മൂന്നര ലക്ഷം രൂപയാണ് ബാങ്ക് മാനേജരുടെ കൈയിൽ നിന്ന് തട്ടിപ്പ് സംഘം വാങ്ങിയെടുത്തത്. ഇത്രയും വലിയ തട്ടിപ്പിന് നിന്നു കൊടുത്തത് ബാങ്ക് മാനേജർ തന്നെയാണെന്ന് ഐഡന്റിറ്റി കാർഡ് കാണിച്ചപ്പോഴാണ് പൊലീസ് വിശ്വസിച്ചത്.