പീരുമേട്:തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന് കേരളത്തിൽ സ്ഥിരതാമസമാക്കിയവർക്കും ജാതി സർട്ടിഫിക്കറ്റ് ലഭിക്കുവാൻ ഇടപെടുമെന് റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.വാഴൂർ സോമൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് നൽകിയ മറുപടിയിലാണ് മന്ത്രി അറിയിച്ചത്. പീരുമേട് താലൂക്കിൽ ഉപ്പെടെ തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ജാതിസർട്ടിഫിക്കറ്റിന് ലഭ്യമാക്കുന്നതിൽ ഏറെ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. ഇതേത്തുടർന്നാണ് പ്രശ്നം വാഴൂർ സോമൻ നിയമസഭയിൽ ഉന്നയിച്ചത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് കുടിയേറി പാർത്തവർക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് ചൂണ്ടിക്കാട്ടിയ ബുദ്ധിമുട്ടുകൾ ഒരു യാഥാർത്ഥ്യമാണെന്ന് മന്ത്രി പറഞ്ഞു.പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളെ സംബന്ധിച്ച് ഈ വിഷയം നിത്യേന റവന്യൂ ഉദ്യോഗസ്ഥരും പൊതുജനങ്ങളും തമ്മിൽ തർക്കങ്ങൾക്കും കാരണമാകുന്നു. അപേക്ഷകന്റെ മാതാപിതാക്കളോ പൂർവ്വികരോ 1950 ലെ പ്രസിഡൻഷ്യൽ ഓർഡറിനു മുൻപ് ഈ സംസ്ഥാനത്ത് കുടിയേറി സ്ഥിര താമസമാക്കിയവരാകുകയും, അവരുടെ സമുദായം ഈ സംസ്ഥാനത്തെ പട്ടികജാതി/പട്ടിക ഗോത്ര വർഗ്ഗ പട്ടികയിൽ ഉൾപ്പെട്ടതാവുകയും ചെയ്താൽ അങ്ങനെയുളളവർക്ക് ഈ സംസ്ഥാനത്തു നിന്നും അപ്രകാരമുളള സർട്ടിഫിക്കറ്റിനും അർഹതയുണ്ടായിരിക്കും. എന്നാൽ 1950ന് മുൻപ് കുടിയേറിയവരുടെ കാര്യത്തിൽ നിബന്ധനകളിൽ മാറ്റം വരുത്തുന്നതിന് വിശദമായ പഠനം നടത്തി കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനും, ആവശ്യമായ ഭേദഗതികൾ നിർദ്ദേശിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ ഉൾപ്പെടുന്ന യോഗം ചേരുന്നതിനുള്ള തുടർ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു.