തൊടുപുഴ: കഴിഞ്ഞ ദിവസം അറസ്റ്റിലായ റിക്രൂട്ടിംഗ് ഏജൻസി ഉടമ യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇരുന്നൂറോളം പേരെ കബളിപ്പിച്ച് നേടിയത് അഞ്ച് കോടിയോളം രൂപ. തൊടുപുഴ പീറ്റേഴ്സ് നയനിൽ പ്രവർത്തിച്ചിരുന്ന കൊളംബസ് ജോബ് ആൻഡ് എജ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമ വണ്ണപ്പുറം ദർഭത്തൊട്ടി വേളംപറമ്പിൽ ജോബി ജോസാണ് (28) ചുരുങ്ങിയ നാളുകൾക്കുള്ളിൽ അന്യജില്ലകളിൽ നിന്നടക്കം കോടിക്കണക്കിന് രൂപ തട്ടിച്ചത്.

യു.കെയിൽ ബുച്ചർ (ഇറച്ചിവെട്ട്)​, കെയർടേക്കർ എന്നീ ജോലികൾക്ക് വിസ നൽകാമെന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലടക്കം പരസ്യം ചെയ്താണ് ഇയാൾ ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്. സ്കിൽഡ് ലേബർ ആയതിനാൽ ഉദ്യോഗാർത്ഥിക്കൊപ്പം ജീവിതപങ്കാളിക്ക് കൂടി പോകാമെന്നതിനാൽ നിരവധി പേരാണ് അപേക്ഷ നൽകിയത്. ഈ തസ്തികകളിൽ 600 ഒഴിവുകൾ യു.കെയിലുണ്ടെന്ന് വിശ്വസിപ്പിച്ച് മൂന്ന് ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് ജോബി ഓരോരുത്തരിൽ നിന്ന് ഈടാക്കിയത്. ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂവും ജോലിയുമായി ബന്ധപ്പെട്ട പരിശീനവുമെല്ലാം നടത്തി. ഒരു മാസത്തിനകം വിസ ലഭിക്കുമെന്ന് പറഞ്ഞ് ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗം പേരെയും നിലവിൽ ചെയ്തിരുന്ന ജോലിയിൽ നിന്നും ജോബി രാജി വയ്പ്പിച്ചു. എന്നാൽ പണം നൽകി ഏറെ നാൾ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പോലെ വിസ ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾക്ക് തട്ടിപ്പ് മനസിലായത്. തുടർന്ന് കഴിഞ്ഞ വർഷം ആഗസ്റ്റ് 21ന് തട്ടിപ്പിനിരയായവർ കൂട്ടമായി തൊടുപുഴ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിലെ സ്ഥാപനത്തിൽ പൊലീസ് അന്വേഷിച്ച് എത്തിയെങ്കിലും അടച്ച് പൂട്ടിയിരുന്നു. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നറിഞ്ഞ് ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപിന്റെ നിർദേശപ്രകാരം ജോബിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

കഴിഞ്ഞ ദിവസം നേപ്പാളിൽ നിന്ന് തിരികെ ഇന്ത്യയിലേക്ക് കടക്കാനായി അതിർത്തിയായ ഉത്തർപ്രദേശിലെ സൊനൗലിയിലെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് അവിടെ നിന്ന് വിവരമറിയിച്ചതനുസരിച്ച് തൊടുപുഴ സി.ഐ എസ്. മഹേഷ്‌കുമാറിന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ ഹരീഷ്, എസ്.ഐ നജീബ്, എ.എസ്.ഐ വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യാ- നേപ്പാൾ അതിർത്തിയിലെത്തി ജോബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാപക പരാതികൾ

ജോബിക്കെതിരെ തൊടുപുഴ സ്റ്റേഷനിൽ മാത്രം മുപ്പതിലേറെ പരാതികളിൽ നാല് കേസുകളെടുത്തിട്ടുണ്ട്. ഇതുകൂടാതെ തൃശ്ശൂരിലെ കാട്ടൂർ, പാലക്കാട് പുതുനഗരം, കുറവിലങ്ങാട്, ഞാറയ്ക്കൽ, കുറുപ്പുംപടി, ഏനാത്ത്, പോത്താനിക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. എറണാകുളത്ത് ഡി.ഐ.ജി ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയവരുമുണ്ട്. വിദേശത്ത് മികച്ച ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉള്ളതെല്ലാം വിറ്രുപെറുക്കി റിക്രൂട്ടിംഗ് സ്ഥാപനത്തിന് നൽകിയവർ പലരും ഇന്ന് കടംകയറി ആത്മഹത്യയുടെ വക്കിലാണ്.

കൂരയിൽ നിന്ന് രണ്ട് കോടിയുടെ വീട്ടിലേക്ക്

മുണ്ടൻമുടിയിലെ ചെറിയ വീട്ടിൽ താമസിച്ചിരുന്ന പ്രതി റിക്രൂട്ടിംഗ് സ്ഥാപനം തുടങ്ങിയ ശേഷം വണ്ണപ്പുറത്ത് സ്ഥലം വാങ്ങി രണ്ട് കോടി രൂപയുടെ വീട് വച്ചതായി പൊലീസ് പറയുന്നു. സാധാരണ കർഷക കുടുംബമായിരുന്ന ജോബിയുടെ വളർച്ച നാട്ടുകാരെയും അദ്ഭുതപ്പെടുത്തി. സൗമ്യമായി മാത്രം സംസാരിക്കുന്ന പ്രതിയുടെ വാചകകസർത്തിൽ വീഴാത്തവർ കുറവാണെന്നും പരാതിക്കാർ പറയുന്നു. ഇപ്പോഴും പരാതി നൽകാത്തവരെ വിവിധ വാഗ്ദാനങ്ങൾ നൽകി പ്രതി പ്രലോഭിക്കുന്നുണ്ടെന്ന് പരാതിക്കാർ പറയുന്നു.