waste

മുട്ടം: പാതയോരങ്ങളിൽ അഴുകിയ മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നു. മലങ്കര പെരുമറ്റത്തിന് സമീപത്തെ പാതയോരത്ത് രണ്ടിടങ്ങളിലായി അമ്പതിൽപരം പ്ലാസ്റ്റിക്ക് കൂടുകളിൽ കുത്തി നിറച്ച സ്നഗി തള്ളിയിരിക്കുന്നത്. കൂടാതെ മൂന്നാംമൈലിന് സമീപം പാതയോരത്ത് തിങ്കളാഴ്ച പ്ലാസ്റ്റിക്ക് ചാക്കിൽ നിറച്ച കോഴി മാലിന്യം തള്ളിയിരുന്നു. ശങ്കരപ്പള്ളി വില്ലേജ് ഓഫീസിന് സമീപം അഴുകിയ ഹോട്ടൽ മാലിന്യവും അടുത്ത നാളിൽ തള്ളിയിരുന്നു. ഇതൊക്കെ മഴ വെള്ളത്തിൽ ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് പേർ ഉപയോഗിക്കുന്ന തൊടുപുഴയാറ്റിലേക്കാണ്. രാത്രികാലങ്ങളിലാണ് ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ നടക്കുന്നത്. ഇതേ തുടർന്ന് കുറ്റക്കാരെ കണ്ടെത്താൻ കഴിയുന്നുമില്ല. പെരുമറ്റത്തിന് സമീപം റോഡിന് വീതി കൂട്ടിയ ഭാഗത്ത് പുഴയിലേക്ക് മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നത് പതിവായിരുന്നു. മുട്ടം പഞ്ചായത്തിന്റെ മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ ഇവിടെ കമ്പി വേലി സ്ഥാപിച്ചതിനെ തുടർന്ന് പുഴയിലേക്ക് മാലിന്യം തള്ളുന്നതിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ നാല് ലക്ഷത്തോളം പണം ചിലവഴിച്ച് പഞ്ചായത്ത് സ്ഥാപിച്ച കമ്പി വേലി വള്ളിപ്പടർപ്പും ഇഞ്ചക്കാടും വളർന്ന് നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്‌.

ദേശീയപാതയിൽ മാലിന്യം

തള്ളിയതിന് പിഴ ഈടാക്കി

വണ്ടിപ്പെരിയാർ : ദേശീയപാതയിൽ ചാക്കിൽ കെട്ടി മാലിന്യം തള്ളിയ മൂന്നു പേരെ പിടികൂടി വണ്ടിപ്പെരിയാർ പഞ്ചായത്ത് പിഴ ഈടാക്കി. മാലിന്യം നിക്ഷേപിച്ച് കടന്നു കളഞ്ഞെങ്കിലും മാലിന്യ ശേഖരത്തിൽ നിന്നും കണ്ടെത്തിയ വിവരങ്ങൾ വച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അണക്കര സ്വദേശിക്കും 63 ആം മൈൽ സ്വദേശികളായ രണ്ടുപേർക്കുമാണ് പതിനായിരം രൂപ വീതം പിഴ ചുമത്തിയിരിക്കുന്നത്.