school

നെടുങ്കണ്ടം: മലയോരമേഖലയായ നെടുങ്കണ്ടം പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിലെ എല്ലാ കുട്ടികളും എഴുത്തുകാരായി മാറിയ വായനാദിനമായിരുന്നു ഇത്തവണത്തേത്. ഈ സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും സ്വന്തമായി ഒരു പുസ്തകം രചിച്ചിരിക്കുന്നുവെന്നതാണ് പ്രത്യേകത. അത് ഇന്നലെ പൊതുവേദിയിൽ പ്രകാശനം ചെയ്തു. ഈ കുട്ടികളുടെ പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിലേക്ക് സംഭാവന നൽകും. ഇത്യാദ്യമായല്ല ഈ സ്കൂളിലെ കുട്ടികൾ എഴുത്തുകാരാകുന്നത്. കഴിഞ്ഞ മൂന്നു വർഷമായി എസ്.എൻ.എൽ.പി സ്‌കൂൾ ഈ പ്രവർത്തനം നടത്തുന്നുണ്ട്. ഇതിനോടകം 550ലേറെ പുസ്തകങ്ങൾ കുട്ടികളുടെ വകയായി സ്‌കൂളിൽ എത്തിക്കഴിഞ്ഞു. ക്ലാസിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കപ്പെടുന്ന കഥകൾ,​ കവിതകൾ,​ വിവരണങ്ങൾ,​ കുസൃതി കണക്കുകൾ,​ ചിത്രങ്ങൾ എന്നിവയാണ് കുട്ടികളുടെ പോർട്ട്‌ഫോളിയോ,​ കൈയെഴുത്ത് മാസിക എന്നിവയിലൂടെ തരംതിരിച്ച് എഡിറ്റ് ചെയ്ത് വർഷാവസാനം അദ്ധ്യാപകർ പുസ്തകരൂപത്തിലേക്ക് മാറ്റുന്നത്. ഏതായാലും ഒരു വിദ്യാലയത്തിലെ എല്ലാവരെയും എഴുത്തുകാരാക്കിയ ത്രില്ലിലാണ് പച്ചടി സ്‌കൂളിലെ അദ്ധ്യാപകരും രക്ഷിതാക്കളും. സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്തിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകരും​ സജി ചാലിൽ മാനേജരായ മാനേജ്‌മെന്റ് കമ്മിറ്റിയും അനിൽ വലിയവീട്ടിൽ, ബിജി മരിയ ചാണ്ടി എന്നിവർ നേതൃത്വം നൽകുന്ന പി.ടി.എ ഭരണസമിതിയുമാണ് പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.