ജില്ലയിൽ 24 വരെ മഞ്ഞ അലർട്ട്

ഇടുക്കി: ജില്ലയിൽ കാലവർഷം വീണ്ടും ശക്തിപ്പെട്ടതോടെ തൊടുപുഴ ഉൾപ്പെടെയുള്ള മിക്കയിടങ്ങളിലും ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും രണ്ട് ദിവസമായി കനത്ത മഴയാണ് പെയ്തത്. ഇന്നലെ രാവിലെ ഏഴ് വരെയുള്ള 24 മണിക്കൂറിനിടെ 20.34 മില്ലി മീറ്റർ മഴയാണ് ശരാശരി ജില്ലയിൽ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി താലൂക്കിലാണ്- 33.2. വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24 വരെ ജില്ലയിൽ മഞ്ഞ അലർട്ട് പ്റഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കണം. അറ്റകുറ്റപണികൾ നടക്കുന്ന റോഡുകളിലും സൂക്ഷിക്കണം. ജലാശയങ്ങളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളും ശ്രദ്ധിക്കണം. വൈദ്യതി ലൈനുകൾ പൊട്ടി വീണുള്ള അപകടങ്ങൾക്ക് സാദ്ധ്യതയുണ്ട്. അതിനാൽ ഇടവഴികളിലെയും നടപ്പാതകളിലെയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി അപകട സാദ്ധ്യതയില്ലെന്ന് ഉറപ്പാക്കണം.

=മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം.

=വൈദ്യുതി ലൈനുകളുടെ അപകട സാദ്ധ്യത ശ്രദ്ധയിൽ പെട്ടാൽ

1056 എന്ന നമ്പറിൽ അറിയിക്കണം.

ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു

മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ അണക്കട്ടുകളിലെ ജലനിരപ്പും ഉയർന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കിയിലെ ജലനിരപ്പ് 2327.74 അടിയിലെത്തി. സമുദ്രനിരപ്പിൽ നിന്നുള്ള കണക്കാണിത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 117.75 അടിയാണ്. ലോറേഞ്ചിലെ പ്രധാന ഡാമായ മലങ്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ തുറന്നിരിക്കുകയാണ്. 39.7 മീറ്ററാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്.

മഴയുടെ അളവ്

തൊടുപുഴ- 24.4 മില്ലി മീറ്റർ

പീരുമേട്- 12.5

ഉടുമ്പഞ്ചോല- 7.2

ദേവികുളം- 24.4

ഇടുക്കി- 33.2

ശരാശരി- 20.34