phc

രാജാക്കാട് :ഒരു സർക്കാർ ആശുപത്രി പ്രവർത്തനം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടിനോടടുക്കുന്നു, പക്ഷെ ബാലാരിഷ്ടകൾ ഇനിയും മാറിയിട്ടില്ല. രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആരോട്പറയാൻ, ആര് കേൾക്കാൻ.ആറ് പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമാണ് രാജാക്കാട് സാമൂഹ്യാരോഗ്യകേന്ദ്രം.39 വർഷങ്ങൾക്ക് മുൻപ് പ്രാഥമിക ആരോഗ്യകേന്ദ്രമായി മുല്ലക്കാനത്ത്
തുടങ്ങി. ഇതിനിടെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്നും സാമൂഹികാരോഗ്യകേന്ദ്രമായി ഉയർത്തി പ്രഖ്യാപനം നടന്നു. പക്ഷെ പ്രഖ്യാപനം ആശുപത്രിക്ക് മുന്നിലെ ബോർഡിൽ മാത്രമേ മാറ്റമുണ്ടാക്കിയുള്ള. എല്ലാം പഴയപടി. ഒരു പി.എച്ച്സിയുടെ സ്റ്റാഫ് പാറ്റേൺ പോലുമില്ല.ഓരോ ദിവസവും 300 ന് മേൽ രോഗികളാണിവിടെ ചികിത്സ തേടി എത്തുന്നത്.ഒരു സ്റ്റാഫ് നഴ്സും ഒരു മെഡിക്കൽ ഓഫീസറുമാണ് സ്ഥിര നിയമനത്തിലുള്ളത്.അവർ ഉള്ളതുകൊണ്ട് ആശുപത്രിയുടെ പ്രവർത്തനം നടന്നുപോകുന്നു. .മെഡിക്കൽ ഓഫീസർക്ക് ജില്ല,ബ്ലോക്ക് പഞ്ചായത്തു തല ഔദ്യോഗിക മീറ്റിംഗുകളുൾപ്പെടെയുള്ള കാര്യങ്ങൾക്ക് മിക്കപ്പോഴും യാത്ര ചെയ്യേണ്ടിവരും. എൻ.എച്ച്.എം,ദിവസവേതന വ്യവസ്ഥയിൽ 2 ഡോക്ടർമാരും,6 നേഴ്സുമാരും ഉണ്ടെങ്കിലും പലപ്പോഴും ഒരു ഡോക്ടറുടെ സേവനമേ ലഭിക്കുകയുള്ളു.ഇന്നലെയാവട്ടെ ഒരു ഡോക്ടറാണ് രോഗികളെ പരിശോധിച്ചത്.
നാട്ടുകാർ സംഭാവനയായി കൊടുത്ത 2 ഏക്കർ സ്ഥലത്ത് കേന്ദ്രസംസ്ഥാന ഫണ്ടുകളും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും ഉൾപ്പെടുത്തി ആവശ്യത്തിന് കെട്ടിടങ്ങൾ പണിതുയർത്തിയിട്ടുമുണ്ട്.പ്രാദേശിക ബി.ജെ.പി പ്രവർത്തകരും വ്യാപാരിസംഘടനയും ചേർന്ന് നൽകിയ 30 ൽ പരം കട്ടിലുകളും അനുബന്ധ ഉപകരണങ്ങളും നിലവിൽ വിശ്രമത്തിലാണ്.

=കിടത്തി ചികിത്സ നിലച്ചിട്ട് ഒരു വർഷത്തിലധികമായി.

=എക്‌സ് റേ, ഇസിജി എന്നിവ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല

.=യൂറിക് ആസിഡ് ഉൾപ്പെടെയുള്ളവ പരശോധിക്കാൻ ലാബിൽ സംവിധാനമില്ല.

വില കൊടുത്ത്

വാങ്ങണം

ട്രിപ്പ് ഇടുന്നതിനുള്ള ഐ.വി സെറ്റ് പോലും രോഗികൾ പുറത്തു നിന്നും വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ്. ഇൻസുലിൻ തുടങ്ങി അത്യാവശ്യ മരുന്നുകളും പുറത്തുനിന്നും രോഗികൾ വില കൊടുത്ത് വാങ്ങണം.പനി ലക്ഷണങ്ങൾ അധികമുള്ള സമയത്ത് ചുമയുടെ മരുന്നടക്കം മിക്ക മരുന്നുകളും പുറത്തു നിന്ന് വാങ്ങണം.സമീപ പഞ്ചായത്തുകളിലെ പ്രമേഹരോഗികളും സൗകര്യം വാഹന സൗകര്യം നോക്കി ഇൻസുലിൻ വാങ്ങാൻ എത്തുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള ഇൻസുലിൻ എത്തിക്കുന്നില്ല.


പകരം നിയമനമായില്ല

നിലവിലുണ്ടായിരുന്ന പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള താൽക്കാലിക ജീവനക്കാരുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിരിച്ച് വിട്ടിരുന്നു.എന്നാൽ പകരം നിയമനം നടത്തുന്നതിന് ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.വാർഡിലുള്ള ശുചിമുറികൾക്ക് കതകുണ്ടെങ്കിലും അത് അടച്ച് കുറ്റിയിടുന്നതിനുള്ള സംവിധാനമില്ല.അകത്ത് കയറുന്ന രോഗി ഒരു കൈ കൊണ്ടു വാതിൽ തള്ളിപ്പിടക്കേണ്ട ഗതകേടാണുള്ളത്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി(എച്ച് എം സി)യുടെ അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപ മിച്ചമുള്ളപ്പോഴാണ് ഈ സ്ഥിതി ഇവിടെ തുടരുന്നത്.