പീരുമേട്: പട്ടയഭൂമിയുടെ മറവിൽ റവന്യൂ ഭൂമിയിൽ വ്യാപക കൈയേറ്റം .വിനോദസഞ്ചാര മേഖലയായ പരുന്തുംപാറയിലാണ് 45 ഹെക്ടർ ഭൂമി നഷ്ടപ്പെട്ടതായി റവന്യൂ വകുപ്പ് കണ്ടെത്തിയത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലയായ ഇവിടെ കൈയേറ്റക്കാർ കവർന്നത് എത്രകോടിയെന്ന്പോലും വിലമതിക്കാനാവാത്ത സ്ഥലമാണ്. 310 ഹെക്ടർ ഉണ്ടായിരുന്ന സ്ഥലത്ത് 200 ഹെക്ടർ സ്ഥലത്തിന് പട്ടയം നൽകി. ബാക്കിയുള്ള ഭൂമിയിൽ ഉൾപ്പെട്ട 45 ഹെക്ടർ സ്ഥലമാണ് കാണാതായത്. സർവേ നമ്പർ534 ൽ പ്പെട്ട റവന്യൂ ഭൂമിയിലാണ് വ്യാപക തിരിമറി നടന്നത്.ഒരാൾ ഒരേക്കർ പട്ടയ ഭുമി വിലക്ക് വാങ്ങുമ്പോൾ കൂടെ കുറേ റവന്യൂ ഭൂമിയും കൈയേറുന്നു. പട്ടയഭൂമിയുടെ സർവേ നമ്പറും രേഖകളും ഉപയോഗിച്ച് സ്ഥലം കൈമാറ്റവും വിൽപ്പനയും നടക്കുന്നു.

പീരുമേട് വില്ലേജിൽ 534 സർവ്വേ നമ്പറിലും ,മഞ്ജുമല വില്ലേജിലെ സർവ്വേ നമ്പർ 441 സർവ്വേ നമ്പറിലെ സ്ഥലത്തിൽ പട്ടയം ലഭ്യമാക്കി സ്വന്തം ഭൂമിയുടെ കൂടെ റവന്യൂ ഭൂമിയും ചേർക്കുന്നു.കുന്നിടിച്ച് വൻ നിർമ്മാണ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.അതിനായി കോൺക്രീറ്റ് , ടാർ റോഡുകളും വരെ നിർമ്മിച്ചിട്ടുണ്ട്.

അനധികൃത സ്ഥലങ്ങൾക്ക് പട്ടയം നൽകുതിന് ഉദ്യോഗസ്ഥന്മാർക്ക് ഒരു മടിയുമില്ല. 5 സെന്റും പത്ത് സെന്റും സ്ഥലത്ത് വീട് വച്ച് താമസിക്കുന്നവർക്ക് പട്ടയത്തിന് അപേക്ഷിച്ചാൽ നിരവധി തടസ്സവാദങ്ങൾ പറഞ്ഞ് താമസിപ്പിക്കും. എന്നാൽ കൈയേറ്റക്കാർക്ക് പട്ടയം നൽകുന്നതിന് ഉദ്യോഗസ്ഥന്മാർക്ക് ഒരു മടിയുമില്ല . അവർക്ക് മിന്നൽ വേഗത്തിൽ പട്ടയം നൽകാൻ ഒരു വിഭാഗം ഉദ്യോഗസ്ഥൻമാർ സദാ സന്നദ്ധരാണ്. തങ്ങൾക്ക് ലഭിക്കുന്ന പാരിതോഷികത്തിൽ മതിമറന്നാണ് അനധികൃത നടപടികൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നത്.


പത്ത്കോടിയുടെ പദ്ധതി

കിട്ടാക്കനിയാകും

റവന്യൂഭൂമി അളന്ന് തിരിച്ച് തിട്ടപ്പെടുത്തി മാറ്റിയാലെ സർക്കാരിന്റെ ഭൂമി എത്രമാത്രം പരുന്തുംപാറയിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നറിയാൻ കഴിയൂ.പരുന്തുംപാറയിൽ ടൂറിസം പദ്ധതിക്കായി പത്ത് കോടി സർക്കാർ അനുവദിച്ചിരുന്നു. സ്ഥലം വിട്ടു കിട്ടാത്തതിനാൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. റവന്യൂ , വനം വകുപ്പുകൾക്കാണ് പരുംന്തുംപാറയിൽ സ്ഥലമുള്ളത്. റവന്യൂ വകുപ്പിൽ നിന്നും സർക്കാരിന് സ്ഥലം വിട്ടു കിട്ടിയാൽ മാത്രമെ ടൂറിസത്തിനായി അനുവദിച്ച പദ്ധതി നടപ്പിലാക്കാൻ കഴിയൂ.

"സർക്കാർ ഭൂമി കൈയേറിയിട്ടുള്ളവരിൽ നിന്നും സ്ഥലംതിരിച്ച് പിടിക്കണം. ടൂറിസം പദ്ധതികളും വികസനപദ്ധതികളും

സമയബന്ധിതമായി നടപ്പിലാക്കണം.

എ രാമൻ

പരുന്തുംപാറ വാർഡ് മെമ്പർ

=45 ഹെക്ടർ സ്ഥലം നഷ്ടമായത് റവന്യൂ വകുപ്പ് അറിഞ്ഞില്ല

=കൈയേറ്റം വ്യാപകമായത് ടൂറിസം മേഖലയായകാലംമുതൽ