അടിമാലി: അനധികൃത ആന സവാരി നടന്നത് അധികൃതരുടെ കൺമുന്നിലൂടെ ,ഒടുവിൽ നടപടി എടുക്കേണ്ടിവന്നത് ഒരു ജീവൻ പൊലിഞ്ഞശേഷം. അറുപതാം മൈലിൽ കേരള സ്‌പൈസസിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചതിനെ തുടർന്ന് സവാരി കേന്ദ്രം അടച്ചു പൂട്ടുകയും നടത്തിപ്പുകാർക്കെതിരെ അടിമാലി പൊലീസ് കേസെടുക്കുകയും ചെയ്തു.കാസർകോഡ്‌ നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (67) ആണ് വ്യാഴാഴ്ച വൈകിട്ട് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. ജില്ലയിലാകെ സ്‌പൈസസ് പാർക്ക്കളുടെ മറവിൽ അനുമതിയില്ലാത്ത നിരവധി ആന സവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അധികൃതരുടെ ഒത്താശയോടെ നടക്കുന്ന കേന്ദ്രങ്ങൾക്ക് നിയമപരമായ യാതൊരു രേഖകളുമില്ല. ജില്ലയിൽ 10 ൽ താഴെ ഇടങ്ങളിൽ ആനകളെ വളർത്തുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്ന് പറയുന്നുവെങ്കിലും സവാരി നടത്തുന്നതിന് നിരോധനമുണ്ട്. ഈ അനുമതിയുടെ മറവിലും പ്രാദേശിക ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയുമാണ് യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ സഞ്ചാരികളിൽ നിന്ന് ആയിരങ്ങൾ വാങ്ങി നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്. ഓരോ ഇടങ്ങളിലും തോന്നും പടിയാണ് ചാർജ് ഈടാക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് സമീപമുള്ള മറ്റൊരു കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് സ്ത്രീ മരിച്ചിരുന്നു. തുടർന്ന് പരിസ്ഥിതി പ്രവർത്തകർ ഇടപെട്ടതിനെത്തുടർന്ന് സവാരി കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടിയെങ്കിലും ക്രമേണ എല്ലാ കേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങി.

മൃതദേഹം വിട്ട്നൽകി

വ്യാഴാഴ്ച്ച വൈകിട്ട് ആനയുടെ ചവിട്ടേറ്റ് മരിച്ച ബാലകൃഷ്ണന്റെ മൃതദേഹം അടിമാലി താലൂക്കാശു പത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

കർശന നിയമ നടപടി സ്വീകരിക്കും: കളക്ടർ

ഇടുക്കി : വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ പ്രവർത്തനം കർശനമായി തടയുമെന്ന് ജില്ലാ കലക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ പരിശോധന നടത്തി കർശന നിയമ നടപടി സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. അനധികൃതമായി പ്രവർത്തിച്ചിരുന്ന അടിമാലിയിയിലെ കേന്ദ്രം അടച്ചുപൂട്ടിയിട്ടുണ്ട്.

ജില്ലയിൽ അനധികൃത കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോ എന്നുള്ളത് തുടർച്ചയായി നിരീക്ഷിക്കുന്നതിനും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുന്നതിനും വനം വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട് അനിമൽ വെൽഫയർ ബോർഡ്രജിസ്‌ട്രേഷനില്ലാതെയും, യാതൊരു അനുമതികളില്ലാതെയും പ്രവർത്തിക്കുന്ന ആനസവാരികേന്ദ്രങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസ് , വനം വകുപ്പ് അധികൃതരെ അറിയിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

=ആനസവാരിക്ക് നിരക്ക് തോന്നുംപടി

=ടൂറിസ്റ്റുകളുടെ കൗതുകം ചൂഷണം ചെയ്യുന്നു

=സവാരി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ