
അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കാട്ടാന കൂട്ടത്തിന്റെ മുമ്പിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരനായ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. നേര്യമംഗലം തയ്യിലത്തുകുടി സലീമിന്റെ മകൻ ഷിനാസ് ( 26) ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വാളറ കാവേരിപ്പടിയിലുള്ള സ്‌പൈസസിൽ ജോലിയ്ക്ക് സ്കൂട്ടറിൽ പോകുന്നവഴി ഇന്നലെരാവിലെ 9.30നോടെ മൂന്നുകലുങ്ക് ഭാഗത്തുള്ള വളവിൽ കുട്ടിയാനകളുമായി നിന്ന ഏഴോളം വരുന്ന കാട്ടനകൂട്ടത്തിന്റെ മുന്നിൽപെട്ടത്.പിന്നാലെ എത്താൻ ചില ആനകൾ ശ്രമിച്ചെങ്കിലും പിൻമാറിയത് തുണയായി. സ്‌കൂട്ടർ ഉപേക്ഷിച്ച് തിരിഞ്ഞ് ഓടിയതുകൊണ്ട് രക്ഷപെടുകയായിരുന്നു .ആനകളുടെ ആക്രമണത്തിൽ സ്‌കൂട്ടറിന് നാശം സംഭവിച്ചിട്ടുണ്ട്. നേര്യമംഗലം മുതൽ വാളറവരെയുള്ള പാതയിലൂടെ യാത്ര ചെയ്യുന്നവർ ഏത് നിമിഷവും ആനക്കൂട്ടത്തിന് മുമ്പിൽപ്പെടാവുന്ന സ്ഥിതിയാണുള്ളത്. കുട്ടിയാനകൾ കൂടെയുണ്ടാകുന്നതോടെ ആനകൾ അക്രമാസക്തമാകുകയാണ് .കഴിഞ്ഞ രണ്ടു ദിവസം മുമ്പാണ് വാളറയിൽ കാട്ടാന കർഷകരുടെ കൃഷികൾ നശിപ്പിച്ചത്.