പീരുമേട്: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ മുറിഞ്ഞപുഴ ഡെപ്യൂട്ടി റേഞ്ച് ഓഫീസിൽ മിന്നൽ സമരം നടത്തി. പെരുവന്താനം പഞ്ചായത്തിലെ കണയങ്കവയൽ, പാഞ്ചാലിമേട്, ചെറുവള്ളികുളം ഭാഗത്തുള്ള ജനങ്ങൾക്കാണ് കാട്ടാന ശല്യം കാരണം രാത്രി പുറത്തിറങ്ങാനാകാത്തത്. എല്ലാ ദിവസവും രാത്രി 8.30 മുതൽ 11.30 വരെ പട്രോളിംഗും 24 മണിക്കൂറും ആർ.ആർ.ടി ടീമിന്റെ സേവനവും ഉറപ്പുവരുത്തുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് നൽകി. ജനങ്ങൾക്ക് ബന്ധപ്പെടാൻ ഹെൽപ് ലൈൻ നമ്പർ പ്രസിദ്ധപ്പെടുത്താമെന്നും വളഞ്ചാൽ മുതൽ പുറക്കയം വരെ ഫെൻസിങ് പദ്ധതി വേഗത്തിൽ നടപ്പിലാക്കാമെന്നും ഉറപ്പ് നൽകിയതിന് ശേഷമാണ് സമരക്കാർ പിരിഞ്ഞത്. പെരുവന്താനം മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡൊമിനാ സജി, ജോസഫ് വെട്ടിക്കാട്ട്, പീരുമേട് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് അറക്കപറമ്പിൽ, എബിൻ കുഴിവേലി, ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ എന്നിവർ സമരത്തിന് നേതൃത്വം നൽകി.