soman
എസ്.എഫ്.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സുഹൃദ് സംഗമവും യാത്രയയപ്പും വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ജനപങ്കാളിത്തത്തോടെ നടക്കുന്ന ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിലെ രേഖകൾ സെറ്റിൽമെന്റിന് വിധേയമാക്കി റവന്യൂ ഭരണത്തിന് കൈമാറണമെന്ന് സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക് നിരവധി ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് താലൂക്ക് തലത്തിൽ സർവ്വേ സൂപ്രണ്ട് ഓഫീസുകൾ ആരംഭിക്കണം. വകുപ്പിൽ തുടർച്ചാനുമതി ആവശ്യമായ തസ്തികകൾ സ്ഥിരം തസ്തികകളാക്കണം. രാജ്യത്തിന് തന്നെ മാതൃകയായി മുന്നോട്ടുപോകുന്ന ഡിജിറ്റൽ സർവേ വിജയിപ്പിക്കുന്നതിന് സർവേ വകുപ്പ് ജീവനക്കാർ സജ്ജരാണെന്നും സമ്മേളനം അറിയിച്ചു. രണ്ടാം ദിവസം രാവിലെ 'ഭൂമിയും രാഷ്ട്രീയവും" എന്ന വിഷയത്തിൽ നടന്ന സെമിനാർ ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.എം. നജീം, സംസ്ഥാന കമ്മിറ്റിയംഗം യു. സിന്ധു എന്നിവർ സംസാരിച്ചു. സി സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജി. സജീബ് കുമാർ സ്വാഗതവും ഐ. ഇന്ദു നന്ദിയും പറഞ്ഞു. ഉച്ചയ്ക്കുശേഷം നടന്ന സുഹൃത് സമ്മേളനവും യാത്രയയപ്പും വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്ന് വിരമിച്ച ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ് ഖാൻ, എസ്.എഫ്.എസ്.എ നേതാക്കളായ കെ. വിജയ, പി. സജിത്ത് കുമാർ, എസ്. അജയകുമാർ, കെ.വി. ഉണ്ണികൃഷ്ണൻ, അബ്ദുൽസലാം എന്നിവർക്ക് യാത്രയയപ്പ് നൽകി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, വൈസ് ചെയർപേഴ്സൺ സുഗൈദ കുമാരി എം.എസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. ഗ്രേഷ്യസ്, ദിനേശ് കുമാർ, സുധീഷ് കുമാർ എന്നിവർ സംസാരിച്ചു. നരേഷ് കുമാർ കുന്നിയൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണിയൻപിള്ള സ്വാഗതവും ഡി വിനയചന്ദ്രൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സി. സുധാകരൻപിള്ള (പ്രസിഡന്റ്), റോയി ജോസഫ്, സി മനോജ് കുമാർ, ഈ ഷമീർ (വൈസ് പ്രസിഡന്റുമാർ), ജി. സജീബ് കുമാർ (ജനറൽ സെക്രട്ടറി), ഡി.സി. വിനയചന്ദ്രൻ, സി. മണിയൻപിള്ള, കെ.എസ്. രാഗേഷ് (സെക്രട്ടറിമാർ), ഐ. സബീന (ട്രഷറർ) കെ.വി. ശ്രീലേഖ (വനിതാ കമ്മിറ്റി പ്രസിഡന്റ്), ടി.എസ്. ബിന്ദു (വനിതാ കമ്മിറ്റി സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.