തൊടുപുഴ: മാരിയിൽ കടവ് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിന് സമർപ്പിച്ച ഫയലിൽ വീണ്ടും ചോദ്യം ഉന്നയിച്ച് ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ചീഫ് എൻജിനിയർക്ക് തിരിച്ചയച്ചത് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗവും തൊടുപുഴ നഗസഭാ കൗൺസിലറുമായ അഡ്വ. ജോസഫ് ജോൺ പറഞ്ഞു. പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിക്കാൻ 2.70 കോടി രൂപയാണ് വേണ്ടിയിരുന്നത്. കാഞ്ഞിരമറ്റം ഭാഗത്ത് 90 ലക്ഷം രൂപയും ഒളമറ്റം ഭാഗത്ത് 1 കോടി 80 ലക്ഷം രൂപയും എസ്റ്റിമേറ്റുകളാണ് തയ്യാറാക്കിയിരുന്നത്. ഇതിൽ ഒളമറ്റം ഭാഗത്തെ നിർമ്മാണത്തിന് ആവശ്യമായ 1.80 കോടി രൂപ പി.ജെ. ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുകയും നിർമാണം നടന്ന് വരികയുമാണ്. കാഞ്ഞിരമറ്റം ഭാഗത്തേക്ക് ആവശ്യമുള്ള 90 ലക്ഷം രൂപ പാലം നിർമ്മാണത്തിന് അനുവദിച്ച ഫണ്ടിൽ മിച്ചമുണ്ട്. ഈ തുകയ്ക്കുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കാനാണ് സർക്കാരിലേക്ക് ഫയൽ അയച്ചത്. ഈ ഫയൽ പല കാരണങ്ങൾ പറഞ്ഞ് പലതവണ മടക്കി അയച്ചിരുന്നു. ഈ ഭാഗത്തെ നിർമ്മാണം കൂടി പൂർത്തീകരിച്ചാൽ മാത്രമേ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ സാധിക്കൂ. റോഡ് നിർമ്മാണത്തിനുള്ള ആവശ്യമായ ഫണ്ട് ഉണ്ടായിട്ടും പുതുക്കിയ എസ്റ്റിമേറ്റിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അനുമതി നൽകാത്തത് തൊടുപുഴയോടുള്ള കനത്ത അവഗണനയാണ്. എസ്റ്റിമേറ്റ് അനുമതിക്കായി ഒന്നര വർഷമായി കാത്തിരിക്കുകയാണ്. ചീഫ് ടെക്നിക്കൽ എക്സാമിനർ വരെ നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുമ്പ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സി.പി.എം നേതാക്കളോടൊപ്പം 2.5 വർഷം മുമ്പ് പാലം നേരിട്ട് സന്ദർശിക്കുകയും നിർമാണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും എസ്റ്റിമേറ്റിന് അനുമതി നൽകാത്തത് തൊടുപുഴയോടുള്ള ഈ സർക്കാരിന്റെ അവഗണനയുടെ പ്രഥമ ഉദാഹരണമാണ്. ഈ നില തുടർന്നാൽ അനിശ്ചിതകാല സമരം ആരംഭിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മാരിയിൽ കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴ റസിഡൻസ് അപ്പക്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ബഹുജനങ്ങൾ പ്രതിഷേധ സമരം നടത്തിയിരുന്നു.