saneesh
ഭക്ഷണശാലകളെ അപകീർത്തിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു, കെ.എച്ച്.എഫ്.എ പ്രസിഡന്റ് എം.എൻ. ബാബു എന്നിവരുടെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് നിവേദനം നൽകുന്നു

തൊടുപുഴ: ഭക്ഷണശാലകളെ അപകീർത്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും കേരള ഹോട്ടൽസ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സംയുക്തമായി തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജിന് നിവേദനം നൽകി. നഗരത്തിലെത്തുന്ന ആയിരങ്ങൾക്ക് ഭക്ഷണം, ദാഹജലം, ഇരിപ്പിടം, സൗജന്യശൗചാലയ സൗകര്യങ്ങൾ തുടങ്ങിയവ നൽകുന്ന വലിയൊരു സേവന മേഖലയായ ഭക്ഷണ ഉത്പാദന വിതരണ സ്ഥാപനങ്ങൾക്കെതിരായ അനധികൃതവും അപകീർത്തിപ്പെടുത്തുന്നതുമായ നഗരസഭാ ജീവനക്കാരുടെ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ഉത്തരവാദിത്തപ്പെട്ടവർ മാനദണ്ഡം പാലിച്ചുകൊണ്ട് പരിശോധന നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായി സംഘടനാ ഭാരവാഹികൾ പറ‌ഞ്ഞു. തൊഴിലാളികളുടെ ക്ഷാമവും കച്ചവടമാന്ദ്യവും വിലക്കയറ്റവും അതിരൂക്ഷമായ സാഹചര്യത്തിൽ യാതൊരുവിധ ആനുകുല്യങ്ങളോ പ്രോത്സാഹനങ്ങളോ നൽകാതെ ഇടത്തരം ചെറുകിട സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
മർച്ചന്റ്സ് അസോസിയേഷൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ടി.സി. രാജു, കെ.എച്ച്.എഫ്.എ പ്രസിഡന്റ് എം.എൻ. ബാബു, മർച്ചന്റ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, ട്രഷറർ അനിൽ പീടികപ്പറമ്പിൽ, കെ.എച്ച്.എഫ്.എ രക്ഷാധികാരി നാവൂർ ഖനി, ഭാരവാഹികളായ വി.എസ്. നസീർ, ഡോണി കട്ടക്കയം, ഉല്ലാസ് മാത്യു, ജോസ്‌ലറ്റ് മാത്യു, ടി.എച്ച്. ഷിയാസ്, അൻസാരി ബ്രദേഴ്സ്, സുരേഷ്‌കുമാർ, വി.എൻ. ഷമീർ, സക്കീർ സി.ജെ. താജ്ജുദ്ദീൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.