ഇടുക്കി: മെഡിക്കൽ കോളേജിലെ മോഡുലാർ ലാബിലെ ഇലക്ട്രിക്, പ്ലംബിംഗ് ജോലികൾ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ടാഴ്ചയ്ക്കകം ചെയ്ത് തീർക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ആശുപത്രി മാനേജ്‌മെമെന്റ് കമ്മിറ്റി (എച്ച്.എം.സി)​ യോഗത്തിലാണ് തീരുമാനം. എച്ച്.എം.സിയുടെ നേതൃത്വത്തിൽ ഉപസമിതി രൂപീകരിച്ചാണ് പ്രവൃത്തികൾ നടപ്പിലാക്കുക. പെൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം സെപ്തംബറോടെ താമസയോഗ്യമാക്കും. 350 പേർക്ക് താമസിക്കാൻ കഴിയുന്ന കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് തുണിയലക്കാനും ഉണങ്ങാനിടാനുമായി രണ്ട് മാസത്തിനകം പ്രത്യേക സൗകര്യമൊരുക്കും. അടുക്കളയിൽ സ്ലാബ് സൗകര്യം ഒരുക്കും. മെഡിക്കൽ കോളേജിന്റെ അടിസ്ഥാന വികസനത്തിനായി സി.എസ്.ആർ ഫണ്ടുകൾ സമാഹരിക്കുന്ന കാര്യം അടിയന്തര പരിഗണനയിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കാത്ത് ലാബ്, റേഡിയോതെറാപ്പി കെട്ടിട സമുച്ചയമാണ് സി.എസ്.ആർ ഫണ്ട് വഴി നിർമ്മിക്കുക. കെടിട നിർമ്മാണത്തിനുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ഓപ്പറേഷൻ തീയേറ്റർ സമുച്ചയത്തിന്റെ പണികൾ പൂർത്തിയാക്കാൻ കെ.എം.എം.സി.എല്ലിന് ഉടൻ വർക്ക് ഓർഡർ നൽകാനും യോഗത്തിൽ തീരുമാനമായി. ചെറുതോണി ബസ് സ്റ്റാന്റിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന നേരിട്ടുള്ള റോഡിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും മന്ത്രി നിർദ്ദേശം നൽകി. എം.എൽ.എമാരായ എം.എം. മണി, എ. രാജ, ജില്ലാ കളക്ടർ ഷീബാ ജോർജ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടോമി മാപ്പലിയേക്കൽ, സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, എച്ച്.എം.സി ഗവ. നോമിനിമാരായ സി.വി. വർഗ്ഗീസ്, ഷിജോ തടത്തിൽ, കിറ്റ്‌കോ, കെ.എസ്.ഇ.ബി, ജലവിഭവ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.