ഇടുക്കി: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം. ഇലക്ടിക് വാഹനങ്ങളുടെ എണ്ണം കൂടുന്നതും അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നുമുള്ള സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗമാണ് തീരുമാനമെടുത്തത്. 11 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടമായി ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന പാഞ്ചാലിമേട് ടൂറിസം പദ്ധതി രണ്ടാം ഘട്ടം, ഇടുക്കിയിലെ എത്നിക് ടൂറിസം വില്ലേജ് എന്നിവയുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഇടുക്കിയിൽ നിർമ്മാണം പൂർത്തിയായിട്ടുള്ള കുടിയേറ്റ സ്മാരകത്തോടനുബന്ധിച്ച് ഇടുക്കിയുടെ ചരിത്രം വെളിവാക്കുന്ന ഡിജിറ്റൽ മ്യൂസിയം ഉടൻ സ്ഥാപിക്കും. ഇടുക്കി യാത്രി നിവാസിന്റെ നിർമ്മാണജോലികൾ പൂർത്തിയായെങ്കിലും ജലലഭ്യത ഉറപ്പാക്കാൻ ഭൂമിയുടെ ആവശ്യമുണ്ട്. ഇതിന് വേണ്ട നടപടികൾ റവന്യൂ വകുപ്പ് സ്വീകരിക്കും. മലങ്കര ഡാമിനോട് ചേർന്ന് ചിൽഡ്രൻസ് പാർക്ക്, അരുവിക്കുഴി ടൂറിസം പദ്ധതി ഫേസ് 2, മാട്ടുപ്പെട്ടി ഡാം വികസനവും സൗന്ദര്യവത്കരണവും ആലുങ്കപ്പാറ ടൂറിസം പദ്ധതി, രാമക്കൽമേട് ടൂറിസം പദ്ധതി നവീകരണം തുടങ്ങിയ പതിനാലോളം പദ്ധതികൾക്ക് സമിതി യോഗം അംഗീകാരം നൽകി. വാഗമൺ മൊട്ടക്കുന്നിലും അഡ്വഞ്ചർ പാർക്കിലും കൂടുതൽ ഇടിമിന്നൽ രക്ഷാചാലകങ്ങൾ സ്ഥാപിക്കാനും തീരുമാനമായി. ഡി.ടി.പി.സി ജീവനക്കാരുടെ കുറഞ്ഞ വേതനം വർദ്ധിപ്പിക്കുവാനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. എം.എൽ.എമാരായ എം.എം. മണി, എ. രാജ ,ജില്ലാ കളക്ടർ ഷീബ ജോർജ്ജ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ.എസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ്, മറ്റ് കൗൺസിൽ എക്സിക്യൂട്ടീവ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ചാർജ്ജിംഗ് സ്റ്റേഷനുകൾ ഇവിടങ്ങളിൽ

വാഗമൺ മൊട്ടക്കുന്ന്, അഡ്വഞ്ചർ പാർക്ക്, ഏലപ്പാറ അമിനിറ്റി സെന്റർ, പാഞ്ചാലിമേട് വ്യൂ പോയിന്റ്, പീരുമേട് അമിനിറ്റി സെന്റർ, രാമക്കൽമേട് ടൂറിസം സെന്റർ, അരുവിക്കുഴി ടൂറിസം സെന്റർ, ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, മൂന്നാർ ചിൽഡ്രൻസ് പാർക്ക്, പാറേമാവ് അമിനിറ്റി സെന്റർ, കുമളി ഡി.ഡി ഓഫീസ് കോംപൗണ്ട്.