accident-kpn
മലയോര ഹൈവേയിൽ ഇരുപതേക്കറിന് സമീപം ഉണ്ടായ വാഹനാപകടം

കട്ടപ്പന: മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന ഇരുപതേക്കറിൽ കാറും മിനി പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. കാർ യാത്രികരായിരുന്ന ലിന്റു (35),​ മേരി (48),​ അനിമോൾ (28),​ അപ്സ (4) എന്നിവർക്കും പിക്കപ്പ് വാൻ ഡ്രൈവർ അജേഷ് (27) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വാഹനാപകടം ഉണ്ടായത്. കാഞ്ചിയാർ ഭാഗത്ത് നിന്ന് വന്ന കാറും കട്ടപ്പന ഭാഗത്ത് നിന്ന് വന്ന മിനി പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്. മിനി പിക്കപ്പ് വാൻ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ റോഡിൽ നിന്ന് മാറി. ഡ്രൈവറുടെ മനസാന്നിധ്യത്തിലാണ് റോഡിന് വശത്തെ കുഴിയിൽ വീഴാതെ രക്ഷപെട്ടത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മലയോര ഹൈവേയിൽ ദീർഘനേരം ഗതാഗത തടസ്സവും ഉണ്ടായി.