
തൊടുപുഴ: ഒരു വിധത്തിലുള്ള നിലം നികത്തലും അനുവദിക്കില്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വഴിത്തല ഭാസ്‌കരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലം നികത്താനുള്ള അപേക്ഷകളിലാണ് ഏറ്റവും കൂടുതൽ സമ്മർദ്ദമുണ്ടാകുന്നത്. അങ്കണവാടികൾക്ക് അടക്കം കെട്ടിടം നിർമ്മിക്കാൻ ആവശ്യപ്പെടുന്നത് വയലുകളാണ്. നിലം നികത്തലിനു കൂട്ടുനിൽക്കുന്നത് നാടിനോട് ചെയ്യുന്ന ക്രൂരതയാണ്. ശക്തമായ മഴയില്ലാതെ തന്നെ തോടുകളും പുഴകളും നിറഞ്ഞ് വെള്ളം നമ്മുടെ കിടപ്പറ തേടി വരുമെന്ന് ആരും ഓർത്തിട്ടുണ്ടാവില്ല.
നമ്മുടെ വയലും പുഴയും എല്ലാം സംരക്ഷിക്കപ്പെടണം. പ്രകൃതി നശിപ്പിക്കാൻ ഒരു കർഷകനും ഒരിടത്തും ഇറങ്ങുന്നില്ല. കർഷകന്റെ പേരുപറഞ്ഞു ചിലരൊക്കെ ഇറങ്ങാൻ ശ്രമിക്കുന്നു.
സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.പി ജോയി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വി.ആർ. പ്രമോദ് സ്വാഗതം പറഞ്ഞു.. ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സംസ്ഥാന കൗൺസിലംഗം കെ.കെ. ശിവരാമൻ, ജില്ലാ കൗൺസിലംഗങ്ങളായ മുഹമ്മദ് അഫ്സൽ, മാത്യു വർഗ്ഗീസ് എന്നിവർ സംസാരിച്ചു.
മൂലമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ നടന്ന അനുസ്മരണ യോഗം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. മൂലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ശിവരാമൻ, ജില്ലാ അസി. സെക്രട്ടറി പ്രിൻസ് മാത്യു, വി.ആർ. പ്രമോദ്, മുഹമ്മദ് അഫ്സൽ, ഗീത തുളസീധരൻ, കെ.കെ. സന്തോഷ്, ബിബിൻ ജോസഫ്, ബാബു ജോസഫ് എന്നിവർ സംസാരിച്ചു.
ഏലം കർഷകരെ
സഹായിക്കും
ഇത്തവണത്തെ വേനലിൽ ഇടുക്കിയിലെ ഏലംകൃഷി വലിയ തോതിൽ കരിഞ്ഞുണങ്ങി. കൊടുംവരൾച്ചയുണ്ടായ 1983- 84 കാലത്തു പോലും ഏലത്തിനെ ബാധിച്ചിരുന്നില്ലെന്ന് കർഷകർ പറയുന്നു. അവർക്ക് സഹായം അത്യന്താപേക്ഷിതമാണ്. ബഡ്ജറ്റിൽ വകകൊള്ളിച്ചതിനേക്കാൾ എത്രയോ ഇരട്ടിയുണ്ടെങ്കിലേ ഈ കർഷകരെ ചെറുതായെങ്കിലും സഹായിക്കാൻ പറ്റൂ. കേരളത്തിന് പുറത്തു നിന്ന് പച്ചക്കറി കൊണ്ടുവന്ന് വിലക്കയറ്റം പിടിച്ചുനിർത്തേണ്ടതുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെ കർഷകരുടെ ഉത്പന്നങ്ങങ്ങൾക്ക് നല്ല വില ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.