നെടുങ്കണ്ടം: പുഷ്പക്കണ്ടത്ത് വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷണം പോയി. മാംഗൽ ഹലീൽ റഹ്മാന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട സ്‌കൂട്ടറാണ് ഇന്നലെ പുലർച്ചെ മോഷ്ടാക്കൾ കടത്തിയത്. രാവിലെ നടത്തിയ പരിശോധനയിൽ തൂക്കുപാലത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ സ്‌കൂട്ടർ കണ്ടെത്തി. ഇന്ധനം തീർന്നതോടെ വാഹനം ഉപേക്ഷിച്ച് പോവുകയായിരുന്നു. രണ്ട് യുവാക്കൾ വാഹനം മോഷ്ടിച്ചു കടത്തുന്ന ദൃശ്യങ്ങൾ വീട്ടുടമയുടെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. രണ്ടുമാസം മുമ്പും ഇവരുടെ വീട്ടിൽ നിന്ന് വാഹനം മോഷണം പോയിരുന്നു. നെടുങ്കണ്ടം പൊലീസിൽ ഹലീൽ പരാതി നൽകി. ശനിയാഴ്ച ഇതേ മേഖലയിൽ നിന്നാണ് പള്ളിമണി മോഷ്ടിച്ച് കടത്താൻ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.