തൊടുപുഴ: അധിക ബാച്ചുകൾ അനുവദിച്ച് പ്ലസ് വൺ സീറ്റ് വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡി.സി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഇന്നലെ രാവിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ഡി.ഡി.ഇ ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. തുടർന്ന് ജില്ലാ പ്രസിഡന്റ് നിതിൻ ലൂക്കോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാതെ അലയുബോൾ പരിഹാരം കാണേണ്ട സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും യാതൊരു പരിഹാരവും കാണാതെ മണ്ടൻ പരിഷ്‌കാരങ്ങൾ നടത്തി വിദ്യാഭ്യാസ മേഖലയെ തകർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കെ. ജോൺ, സംസ്ഥാന സെക്രട്ടറി സോയിമോൻ സണ്ണി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ്, കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ജോസുകുട്ടി ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഒ.എസ്. ഉമർ ഫാറൂഖ്, അമൽ മോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.