ജില്ലാ അതിർത്തിയായ നേര്യമംഗലത്തിന് സമീപം കാറിലേക്ക് മരം വീണതിനെ തുടർന്ന് ഒരാൾ മരിച്ചു

കളക്ടറുടെ നിർദേശങ്ങൾക്ക് പുല്ലുവില

'ട്രീ കമ്മിറ്റി' യോഗം നടക്കാറില്ല

തൊടുപുഴ: റോഡിന് ഇരുവശവും ഇടതൂർന്ന് നിൽക്കുന്ന തണൽമരങ്ങൾ ഇടുക്കിയിലെത്തുന്ന ഏത് സഞ്ചാരിയുടെയും മനംകുളിർക്കുന്ന കാഴ്ചയാണ്. ആ മനംമയക്കുന്ന കാഴ്ചയ്ക്കപ്പുറം ഒരു നിശബ്ദ കൊലയാളിയുണ്ടെന്ന് തിരിച്ചറിയാറില്ല. മഴക്കാലത്ത് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമൊപ്പം മരം വീണും നിരവധിപേരുടെ ജീവനാണ് ജില്ലയിൽ ഓരോ വർഷവും നഷ്ടമാകുന്നത്. പലതും ഒറ്റപ്പെട്ട സംഭവങ്ങളായതിനാൽ അധികമാരും ശ്രദ്ധിക്കാറില്ലെന്ന് മാത്രം. കാലവർഷം ശക്തമായതിനെ തുടർന്ന് ഇന്നലെ മാത്രം നിരവധിയിടങ്ങളിലാണ് മരം വീണ് അപകടമുണ്ടായത്. ജില്ലാ അതിർത്തിയായ നേര്യമംഗലത്തിന് സമീപം കാറിലേക്ക് മരം വീണതിനെ തുടർന്ന് ഒരാൾ മരിക്കുകയും ചെയ്തു. നിരവധി പാഴ് മരങ്ങളാണ് ഹൈറേഞ്ചിലെ റോഡിനിരുവശമുള്ള തോട്ടങ്ങളിലും വനമേഖലകളിലും നിൽക്കുന്നത്.

തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനിടെ മരംവീണ് നിരവധി നിർദ്ധന തൊഴിലാളികളാണ് ഓരോ വർഷവും മരിക്കുന്നത്. നെടുങ്കണ്ടം മേഖലയിലെ ഏലത്തോട്ടങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്. നിരവധി പാഴ് മരങ്ങളാണ് ഹൈറേഞ്ചിലെ ഏലതോട്ടങ്ങളിലും തേയില തോട്ടങ്ങളിലും നിൽക്കുന്നത്. അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന് എത്രതവണ ആവശ്യപ്പെട്ടാലും തോട്ടമുടമകൾ തയ്യാറാകാത്തതാണ് പ്രധാന പ്രശ്നം. കർശന നപടിയെടുക്കാൻ ഉദ്യോഗസ്ഥരും മടിക്കുന്നു.

ഉത്തരവിനും

ജീവനും പുല്ലുവില

അപകടാവസ്ഥയിലുള്ള മരങ്ങൾ മഴയ്ക്ക് മുമ്പായി മുറിച്ചു മാറ്റണമെന്ന ജില്ലാ കളക്ടറുടെ ആവർത്തിച്ചുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും നടപ്പിലാക്കുന്നില്ല. മഴക്കാലം ശക്തമാകുന്നതിന് മുമ്പ് കളക്ടർ ജില്ലയിലെ പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, റവന്യൂ, വനം വന്യജീവി, വിദ്യാഭ്യാസം, ജലവിഭവം, വൈദ്യുതി തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ച് ചേർത്തിരുന്നു. റോഡിന്റെ വശങ്ങളിലും പുറമ്പോക്ക് ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലും ജനങ്ങൾക്ക് ഭീഷണിയായ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് കളക്ടർ ഈ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. സർക്കാർ ഭൂമിയിലെ മരങ്ങളുടെ അപകടാവസ്ഥ അതത് വകുപ്പുകളും സ്വകാര്യ വ്യക്തികളുടെ പറമ്പിലെ മരങ്ങൾ അതത് സ്ഥലമുടമയും മുറിക്കണമെന്നതാണ് വ്യവസ്ഥ. സ്വകാര്യ വ്യക്തികൾ മുറിച്ച് നീക്കിയില്ലെങ്കിൽ അതത് തദ്ദേശ സ്ഥാപനങ്ങൾ അതിന് തയ്യാറാകണം. ഇതിന് ആവശ്യമായ പണം സ്ഥലമുടമയിൽ നിന്ന് ഈടാക്കണം. മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിലുള്ള 'ട്രീ കമ്മിറ്റി' യോഗം ചേരണം. എന്നാൽ കാലവർഷം ആരംഭിച്ച് ഒരു മാസമാകാറായിട്ടും കളക്ടറുടെ നിർദേശങ്ങളും ഉത്തരവുകളുമൊന്നും പാലിക്കപ്പെട്ടില്ലെന്നതിന് ഉദാഹരണമാണ് മരം വീണുണ്ടാകുന്ന അപകടങ്ങൾ. .