തൊടുപുഴ: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ ഇനിയെങ്കിലും മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേര്യമംഗലം വില്ലാഞ്ചിറ ഭാഗത്ത് കാറിലേക്ക് മരം കടപുഴകി വീണ് പാണ്ടിപ്പാറസ്വദേശി മരിച്ചതോടെയാണ് അപകടഭീഷണിയുള്ള മരങ്ങൾ മുറിക്കണമെന്ന ആവശ്യമുയരുന്നത്. ദിവസങ്ങൾക്ക് മുമ്പ് കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് ഉണങ്ങിയ മരശിഖരം ഒടിഞ്ഞ് വീണിരുന്നു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ യാത്രക്കാർ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഒരാഴ്ചയ്ക്കിടെ മൂന്ന് തവണയാണ് ദേശീയപാതയിലേക്ക് മരം നിലംപതിച്ചത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാത കടന്നു പോകുന്ന നേര്യമംഗലം വനമേഖലയിൽ ദേശീയപാതയിലേക്ക് ചാഞ്ഞ് അപകടാവസ്ഥ ഉയർത്തുന്ന നിരവധി മരങ്ങൾ നിൽക്കുന്നുണ്ട്.

അപകടാവസ്ഥ ഉയർത്തുന്ന മരങ്ങൾ മുറിച്ച് നീക്കണമെന്ന ആവശ്യം ഏറെ നാളുകളായുണ്ട്. പലപ്പോഴും വാഹനയാത്രികർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നത്. മഴക്കാലത്ത് ജീവനും കൈയിൽ പിടിച്ചാണ് വാഹനയാത്രികർ നേര്യമംഗലം വനത്തിലൂടെ കടന്നു പോകുന്നത്. ശക്തമായ മഴയിൽ ദേശീയപാതയിലേക്ക് മരം നിലംപതിച്ചാൽ യാത്രക്കാർ വനമേഖലയിൽ കുടുങ്ങും. കഴിഞ്ഞ മഴക്കാലത്ത് വനമേഖലയിൽ റോഡിലൂടെ വലിയ മഴവെള്ളപാച്ചിൽ ഉണ്ടായിരുന്നു. മരം വീണ് ഗതാഗതം തടസപ്പെടുന്നതോടെ ആംബുലൻസടക്കം വഴിയിലകപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.ഇടുക്കി- നേര്യമംഗലം സംസ്ഥാന പാതയിൽ പാംബ്ല മുതൽ കരിമണൽ വരെയുള്ള ഭാഗത്തും കാടുമൂടിയും കാട്ടു മരങ്ങൾ ചെരിഞ്ഞും യാത്ര ദുസ്സഹമാണ്.