അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം മരം വീണ് രണ്ട് താത്കാലിക വഴിയോര കടകൾ ഭാഗികമായി തകർന്നു. ഭാഗ്യത്തിന് ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഒരു മണിക്കൂറിലേറെ നേരമാണ് നേര്യമംഗലം വനമേഖലയിൽ കനത്ത കാറ്റും മഴയുമുണ്ടായത്. തുടർന്ന് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14 കിലോമീറ്റർ ദൂരത്തിൽ ആറ് ഇടങ്ങളിൽ മരം റോഡിലേക്ക് കടപുഴകി വീണു. മൂന്നു കലുങ്ക്, അഞ്ചാം മൈൽ, ആറാം മൈൽ, ചാക്കോച്ചി വളവ്, വാളറ എന്നിവിടങ്ങളിലാണ് മരങ്ങൾ വീണത്. തുടർന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ രണ്ട് മണിക്കൂറിലേറെ നേരം ഗതാഗതം മുടങ്ങി. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് മരങ്ങൾ വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.