
കട്ടപ്പന : കട്ടപ്പന മുതൽ ചപ്പാത്ത് വരെയുള്ള മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായികാഞ്ചിയാർ പള്ളിക്കവലയിലെ വ്യാപാര സ്ഥാപനങ്ങൾ പൊളിച്ച് നീക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. . റോഡിന്റെ നിർമ്മാണവേളയിൽ തന്നെ അധികൃതർ ആദ്യം നിർദ്ദേശിച്ചനുസരിച്ച് വ്യാപാരികൾ കടകളുടെ മുൻഭാഗം പൊളിച്ചു നീക്കിയിരുന്നു.എന്നാൽ ഐറിഷ് ഓടയും ഫുട്പാത്തുമടക്കം നിർമ്മിക്കുന്നതിനായി കടകൾ പൂർണമായും പൊളിച്ചു നീക്കണമെന്നാണ് പഞ്ചായത്തിന്റെ നിലപാട്.
റോഡിന്റെ വശങ്ങൾ കയ്യേറി നിർമ്മിച്ചിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളാണിതെന്നും നിരവധിതവണ ആവശ്യപ്പെട്ടിട്ടും വിപരീത നിലപാട് സ്വീകരിച്ചതിനാലാണ് പൊളിച്ചു നീക്കാൻ പഞ്ചായത്ത് നേരിട്ട് ഇടപെടുന്നതെന്നുമാണ് നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഒപ്പം പൊളിച്ചു നീക്കുന്നതിൽ പഞ്ചായത്തിന് വരുന്ന ചിലവുകൾ ഈ വ്യാപാരികളുടെ കയ്യിൽ നിന്നു തന്നെ ഈടാക്കുമെന്നും നോട്ടീസിൽ പരാമർശിക്കുന്നു.
ഇന്ന് പഞ്ചായത്ത് നേരിട്ട് വ്യാപാര സ്ഥാപനങ്ങൾ പൊളിച്ച് നീക്കുമെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നൽകിയതോടെ പ്രതിഷേധം ശക്തമാവുകയാണ്. പതിറ്റാണ്ടുകളായി ഇവിടെ കച്ചവടം നടത്തിയിരുന്നവരോടാണ് ബദൽ മാർഗ്ഗങ്ങൾ നൽകാതെയാണ് വ്യാപാര സ്ഥാപനം പൂർണമായി പൊളിച്ച് മാറ്റണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുന്നത് എന്ന് വ്യാപാരികൾ ആരോപിക്കുന്നു.
നിത്യവൃത്തിക്കായി ഉപജീവനം നടത്തുന്നവരെ ദ്രോഹിച്ചുകൊണ്ടുള്ള പഞ്ചായത്തിന്റെ നടപടി തുടരാൻ അനുവദിക്കില്ലെന്നും. പഞ്ചായത്ത് ഇതിൽ നിന്നും പിന്മാറണമെന്നും വ്യാപാരി വ്യവസായി സമതി ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങൾ പൊളിക്കുന്നതിനെതിരെ ശക്തമായി പ്രതിരോധം സംഘടിപ്പിക്കുമെന്നും വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ്മജീഷ് ജേക്കബ് പറഞ്ഞു.