ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തൊടുപുഴ: കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ വ്യാപകമായി മണ്ണിടിച്ചിൽ. മൂന്നാർ എം.ജി കോളനിയിലുണ്ടായ മണ്ണിടിച്ചിലിൽ വീട്ടമ്മ മരിച്ചു. ദേവികുളം എസ്.സിഎസ്.ടി ഓഫീസിലെ ക്ലർക്കായ കുമാറിന്റെ ഭാര്യ മാല കുമാറാണ് (42) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് എം.ജി കോളനിയിലെ മുസ്ലീം പള്ളിയ്ക്ക് പിറകിലെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മൂന്നാർ ഫയർ ആന്റ് റസ്‌ക്യൂ വിഭാഗവും നാട്ടുകാരും ചേർന്ന് അരമണിക്കൂറോളമെടുത്താണ് മണ്ണിനടിയിൽ കുരുങ്ങി കിടന്ന വീട്ടമ്മയെ പുറത്തെടുത്തത്. ഉടൻതന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ മാല മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കുമാർ ജോലി സ്ഥലത്തായിരുന്നു. ശ്രീനിധി, ശ്രീഹരി, ശ്രീറാം എന്നിങ്ങനെ മൂന്നു മക്കളാണ് ഇവർക്കുള്ളത്. ഇതിൽ ശ്രീനിധിയും ശ്രീറാമും കുളമാവ് നവോദയ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ശ്രീഹരി ട്യൂഷന് പോയി തിരികെ വീടിനടത്ത് എത്തിയപ്പോഴായിരുന്നു അപകടം. ശ്രീറാമാണ് നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തിയത്. മാല വീടിന്റെ അടുക്കള ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീടിന്റെ അടുക്കള ഭാഗത്ത് വീഴുകയായിരുന്നു. കോളനിയിൽ മുമ്പും മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായിരുന്നു.
ശക്തമായ മഴയും കനത്ത കാറ്റും തുടരുന്നതിനാൽ ഹൈറേഞ്ചിലെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞും മരം കടപുഴകി വീണു ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടു. തുടർച്ചയായി മൂന്നാം ദിവസവും കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിൽ മരം കടപുഴകി വീണ് ഗതാഗത തടസ്സം ഉണ്ടായെങ്കിലും അടിമാലി ഫയർഫോഴ്സും പ്രദേശവാസികളും മരം വെട്ടി മാറ്റി.
മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
മൂന്നാറിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആർ.സി പള്ളി ഓഡിറ്റോറിയം ഹാൾ, സി.ഐസ്.ഐ ചർച്ച് ഹാൾ, മെർചന്റ്സ് അസോസിയേഷൻ ഹാൾ എന്നിവിടങ്ങളിലായി ഇരുപതിലേറെ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
രാത്രിയാത്രയ്ക്ക് നിരോധനം
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലാകെ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഷീബ ജോർജ് ഉത്തരവായി. രാത്രി ഏഴ് മുതൽ രാവിലെ 6 വരെയാണ് നിരോധനം. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.
രണ്ട് ഡാമുകൾ തുറന്നു
മൂന്നാർ രാമസ്വാമി അയ്യർ ഹെഡ് വർക്ക്സ് ഡാമിന്റെയും തൊടുപുഴ മലങ്കര ഡാമിന്റെയും ഷട്ടറുകൾ തുറന്നു. ഹെഡ് വർക്ക്സ് ഡാമിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്ററാണ് ഉയർത്തിയിട്ടുള്ളത്. മുതിരപ്പുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു. മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.