തൊടുപുഴ: അഴിമതിക്കാരനായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് മുനിസിപ്പൽ ഓഫീസിന് മുമ്പിൽ ഉപരോധസമരം നടത്തും. ബ്ലോക്ക് കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഷിബിലി സാഹിബ് സമരം ഉദ്ഘാടനം ചെയ്യും. നിർമ്മാണ പ്രവർത്തനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾക്കും മുനിസിപ്പൽ ചെയർമാന്റെ നിർദ്ദേശപ്രകാരം കൈക്കൂലി വാങ്ങുന്നതിനിടയിൽ മുനിസിപ്പൽ എൻജിനിയർ പോലും അറസ്റ്റിലായി. കഴിഞ്ഞ മൂന്നു വർഷക്കാലമായി നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ ഉന്നയിക്കുന്ന ആരോപണം ശരിയാണെന്ന് ഇതോടെ വ്യക്തമായി. പണം ഉണ്ടാക്കുന്നതിനു വേണ്ടി അധികാര കസേരയിൽ ഇരിക്കുന്ന ഭരണകൂട ഭീകരതയാണ് തൊടുപുഴ നഗരസഭയിൽ അരങ്ങേറുന്നത്. നഗരം ഇരുട്ടിലാകുമ്പോഴും നഗരസഭ കാര്യാലയത്തിൽ കോഴപ്പണം കൈമാറുന്ന തിരക്കിലാണ് അധികാരികൾ. ഇടതുമുന്നണി നേതാവാണ് തൊടുപുഴ നഗരസഭയിലെ ചെയർമാന്റെയും എൻജിനിയർമാരുടെയും ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. മുനിസിപ്പൽ ചെയർമാനും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഇടതു കൗൺസിലർമാരിൽ ചിലരും അഴിമതി പണം വീതിക്കുന്ന തിരക്കിനിടയിൽ നാടിന്റെ വികസനം മറന്നു പോയിരിക്കുകയാണ്. അഴിമതിയുടെ കൂത്തരങ്ങായ് തൊടുപുഴ നഗരസഭാ ഭരണം അധപ്പതിച്ചു കഴിഞ്ഞു. ഇതിനെതിരെ സംഘടിപ്പിക്കുന്ന സമരപരിപാടികളിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എം.എച്ച്. സജീവും രാജേഷ് ബാബുവും അഭ്യർത്ഥിച്ചു.