anilkumarci

 കേരളകൗമുദിയും എക്‌സൈസും സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ വൻ വിജയം

തൊടുപുഴ: മദ്യവും മയക്കുമരുന്നുമല്ല, നന്മ നിറഞ്ഞ ജീവിതമാകണം യുവതലമുറയുടെ ലഹരിയെന്ന മഹത്തായ ആശയം വിദ്യാർത്ഥികളിലെത്തിച്ച് കേരളകൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ വൻവിജയമായി മാറി. ഇന്നലെ രാവിലെ 10ന് മുതലക്കോടം സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ എക്സൈസ് ഇൻസ്പെക്ടർ പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശരീശത്തിന്റെയും മനസിന്റെയുമടക്കം നമ്മുടെ എല്ലാവിധ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ലഹരിയുടെ ഉപയോഗം. നിയമം വഴി ലഹരിയുടെ വ്യാപനത്തിന് പൂർണമായും തടയിടാനാകില്ല. അതിന് ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് യുവതലമുറയ്ക്ക് ബോദ്ധ്യമുണ്ടാകണം. ഇത്തരത്തിലുള്ള ബോധവത്കരണ സെമിനാറുകളുടെ ഉദ്ദേശ്യമതാണ്. അച്ഛനെയും അമ്മയെയും മറന്ന് കൂട്ടുകാരുടെയൊപ്പം താത്കാലിക സുഖത്തിന് വേണ്ടി ചെയ്യുന്ന ലഹരി ഉപയോഗം പോലും ഭാവിയിൽ വലിയ അപകടത്തിന് കാരണമാകും. ഓരോ കുട്ടിയും നല്ല നിലയിലാകണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ അവരറിയാതെ സന്തോഷത്തിന് വേണ്ടി ലഹരി ഉപയോഗിക്കുന്നവർ അക്കാര്യം ചിന്തിക്കണം. അങ്ങനെ ലഹരിക്കെതിരായ ശക്തിയായി പ്രവർത്തിച്ച് കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണമുള്ള വ്യക്തികളായി നിങ്ങൾ ഓരോരുത്തരും മാറണമെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് റിയാസ് ക്ലാസ് നയിച്ചു. പുളിമൂട്ടിൽ സിൽക്സ് ജനറൽ മാനേജ‌ർ സേതുരാജ് ആശംസയർപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഫാ. പോൾസ് ഇടത്തൊട്ടി സ്വാഗതവും എൻ.എസ്.എസ് കോ- ഓർഡിനേറ്റർ പി.എസ്. ദേവാനന്ദ് നന്ദിയും പറഞ്ഞു.