
തൊടുപുഴ: ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നു. ഇന്നലെ മരം വീണും മണ്ണിടിഞ്ഞും രണ്ട് വീടുകൾ തകർന്നു. ശക്തമായ കാറ്റിൽ മരം കടപുഴകി വീണാണ് ഏലപ്പാറ പുതുവൽ സ്വദേശി ചുപ്പയ്യയുടെ വീട് തകർന്നത്. മൂന്നാർ ദേവികുളം കോളനിയിൽ റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വിൽസന്റെ വീടും തകർന്നു. രണ്ടിടത്തും തലനാരിഴയ്ക്കാണ് കുടുംബാംഗങ്ങൾ രക്ഷപെട്ടത്. അടിമാലിയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മൂന്നാറിലും ഇടുക്കിയിലും ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. രാജാക്കാട് മൈലാടുംപാറയിലും തിങ്കൾ കാടും മരം വീണ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലകളിൽ രാത്രി കാല യാത്രയ്ക്കും നിയന്ത്രണമുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് താരതമ്യേന ചെറു അണക്കെട്ടുകളായ പാംബ്ല, കല്ലാർകുട്ടി, മലങ്കര ഡാമുകൾ തുറന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഒരടി ഉയർന്ന് 120.9 ആയി. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർ ഷീബ ജോർജ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടാകില്ല. റസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല.
തൊടുപുഴയിൽ രണ്ടിടത്ത് മരം വീണു
തൊടുപുഴ: കനത്ത മഴയെ തുടർന്ന് നഗരത്തിൽ രണ്ടിടത്ത് മരം ഒടിഞ്ഞുവീണു. ഇന്നലെ രാവിലെ 9.50ന് കാരിക്കോട് ആയുർവ്വേദ ആശുപത്രിയ്ക്ക് മുന്നിൽ നിന്ന തണൽ മരത്തിന്റെ ശിഖരമാണ് റോഡിലേക്ക് വീണത്. ആശുപത്രിയ്ക്ക് മുന്നിൽ അപകടാവസ്ഥയിൽ ഏതു നിമിഷവും നിലം പതിയ്ക്കാവുന്ന രീതിയിൽ നിന്ന ശിഖരമാണ് റോഡിലേയ്ക്ക് പതിച്ചത്. ആശുപത്രി ജീവനക്കാർ വിളിച്ചറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന പ്രവർത്തകർ മരത്തിന്റെ ശിഖരം മുറിച്ചു മാറ്റി. ഉച്ചയ്ക്ക് 1.50നാണ് കാളിയാർ കൊടുവേലി എസ്റ്റേറ്റിനു മുന്നിലുള്ള മരം റോഡിലേക്ക് വീണത്. അഗ്നിരക്ഷാസേന പ്രവർത്തകർ എത്തിയപ്പോഴേക്കും മരം നാട്ടുകാർ ചേർന്ന് മുറിച്ചുമാറ്റിയിരുന്നു. തുടർന്ന് ഗതാഗത വൈദ്യുതി തടസ്സവും പുനഃസ്ഥാപിച്ചു.
മൂന്നാർ ദേശീയ ദുരന്ത നിവാരണസേന സന്ദർശിച്ചു
കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായ കോളനിയടക്കം മൂന്നാറിലെ വിവിധ പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണസേന സന്ദർശനം നടത്തി. കൂടുതൽ മണ്ണിടിച്ചിലിനുള്ള സാദ്ധ്യതകൾ മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം. അപകട മേഖലകൾ, മുന്നൊരുക്കങ്ങൾ എന്നിവ സംബന്ധിച്ച് റവന്യൂ അധികൃതരുമായി സംഘം ചർച്ച നടത്തി. ടീം കമാണ്ടർ അർജുൻപാൽ രാജ് പുത്തിന്റെ നേതൃത്വത്തിലായിരുന്നു എൻ.ഡി.ആർ.എഫ് സന്ദർശനം.
ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ
ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ: 9383463036, 04862 233111, 04862 233130
ടോൾ ഫ്രീ നമ്പർ: 1077
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ ഫോൺ നമ്പറുകൾ:
ഇടുക്കി- 04862 235361
തൊടുപുഴ- 04862 222503
ഉടുമ്പഞ്ചോല- 04868 232050
പീരുമേട്- 04869 232077
ദേവികുളം- 04865 264231