 സമരപരമ്പരയ്ക്ക് വേദിയായി തൊടുപുഴ നഗരസഭ

തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസി. എൻജിനിയറും കോൺട്രാക്ടറായ ഇടനിലക്കാരനും അറസ്റ്റിലായ സംഭവത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതി ചേർക്കപ്പെട്ട ചെയർമാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ തൊടുപുഴ നരസഭാ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ സംഘർഷം. നഗരസഭാ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച സമരക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. ബി.ജെ.പി പ്രവർത്തകർ ചെയർമാന്റെ കോലം കത്തിച്ചു. പ്രതിഷേധം മുന്നിൽക്കണ്ട് രാവിലെ ഒമ്പത് മണിയോടെ തന്നെ പൊലീസ് നഗരസഭാ ഓഫീസിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ചും വടം കെട്ടിയും അടച്ചിരുന്നു. ഒമ്പതരയോടെയെത്തിയ കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും പ്രവർത്തകരാണ് ആദ്യം പ്രതിഷേധം നടത്തിയത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന്റെ ഇരുഭാഗത്തുമായി നിലയുറപ്പിച്ച പ്രവർത്തകർ പ്രതിഷേധ യോഗവും മുദ്രാവാക്യം വിളിയുമായി നിലകൊണ്ടു. പത്ത് മണിയോടെയാണ് മിക്ക ജീവനക്കാരും എത്തിയത്. എന്നാൽ ഇവർക്ക് ഉള്ളിൽ കടക്കാനായില്ല. ഒരു മണിക്കൂറിലേറെ സമയം റോഡിൽ നിന്ന ശേഷമാണ് ജീവനക്കാർക്ക് അകത്ത് പ്രവേശിക്കാനായത്. പ്രതിഷേധം തുടരുന്നതിനിടെ പ്രതിപക്ഷ കൗൺസിലർ അഫ്സലുമായി പ്രവർത്തകർ വാക്കേറ്റമുണ്ടായി. പ്രതിഷേധക്കാരെ അഫ്സൽ പരസ്യമായി അസഭ്യം വിളിക്കുകയും സമരക്കാരെ ആക്ഷേപിക്കുകയും ചെയ്തതോടെ യു.ഡി.എഫ് സംഘടനകളുടെ പ്രവർത്തകർ ഒന്നടങ്കം അഫ്സലിനെതിരെ തിരിഞ്ഞു. എ.ഇയ്ക്കും ചെയർമാനുമൊപ്പം അഫ്സലിനും കൈക്കൂലി ഇടപാടിൽ പങ്കുണ്ടെന്ന് മുദ്രാവാക്യം വിളിച്ചതാണ് തർക്കത്തിനിടയാക്കിയത്. ഏതാനും സമയത്തിനുള്ളിൽ യു.ഡി.എഫിന്റെ മുതിർന്ന നേതാക്കാളെത്തിയതോടെ പ്രതിഷേധം ശക്തമായി. നേതാക്കൾ സംസാരിച്ച് കഴിഞ്ഞതോടെ പ്രവർത്തകർ നഗരസഭാ കോമ്പൗണ്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇത് പൊലീസ് തടഞ്ഞു. എന്നാൽ ബാരിക്കേഡിന് ഇരുഭാഗത്ത് കൂടിയും ബലം പ്രയോഗിച്ച് പ്രവർത്തകർ ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി ഏറെ നേരം ഉന്തും തള്ളും നടന്നു. ഈ സമയം ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായെത്തി. തുടർന്ന് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും പ്രവർത്തകർ ചേർന്ന് ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തി. പൊലീസ് ഏറെ പണിപ്പെട്ട് ഇത് തടയുകയായിരുന്നു. ഇതിനിടെ നഗരസഭാ ഓഫീസിൽ നടക്കുന്ന കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കൗൺസിലർമാർ എത്തിയപ്പോൾ അവരെയും പൊലീസ് തടഞ്ഞു. ഇത് വലിയ വാക്കേറ്റത്തിനിടയാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതിന് ശേഷമാണ് കൗൺസിലർമാർക്ക് നഗരസഭാ ഓഫീസിലേക്ക് പ്രവേശിക്കാനായത്. തുടർന്ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ചെയർമാന്റെ കോലം കത്തിച്ചു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡിൽ കെട്ടി തൂക്കിയ ശേഷം പടക്കം ഉപയോഗിച്ചും തുടർന്ന് റോഡിലിട്ടുമാണ് കോലം കത്തിച്ചത്. ഇതേ സമയം യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് നഗരത്തിൽ പ്രകടനം നടത്തി. ഉച്ചയോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്. പ്രതിഷേധക്കാർ പലതവണ റോഡിലേക്ക് കയറിയതോടെ ഇടയ്ക്കിടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തു. ഒരു ഭാഗത്ത് നിന്നുമെത്തിയ വാഹനങ്ങൾ മാത്രമാണ് വഴി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

കൗൺസിലും ബഹളത്തെ

തുടർന്ന് പിരിച്ചുവിട്ടു

ചെയർമാന്റെ അഭാവത്തിൽ വൈസ് ചെയർപേഴ്സൺ ജെസി ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗം പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടർന്ന് പിരിച്ച് വിട്ടു. 11ന് യോഗം തുടങ്ങിയപ്പോൾ തന്നെ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളികളോടെ അദ്ധ്യക്ഷയുടെ ചേംബറിന് ചുറ്റും നിലയുറപ്പിച്ചു. എന്നാൽ ചെയർമാൻ എവിടെയെന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ധ്യക്ഷ തയ്യാറായില്ല. അവരവരുടെ സീറ്റുകളിൽ നിലയുറപ്പിച്ച പ്രതിപക്ഷ കൗൺസിലർമാർ നിശബ്ദത പാലിച്ചതും ശ്രദ്ധേയമായി. തുടർച്ചയായ മുദ്രാവാക്യം വിളികൾ കാരണം അജണ്ട വായിക്കാനോ ചർച്ച ചെയ്യാനോ സാധിച്ചില്ല. ഇതിനിടെ പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് ചേംബറിലെ ബെൽ മുഴക്കി. യോഗം അരമണിക്കൂർ പിന്നിട്ടിട്ടും അജണ്ട പ്രകാരമുള്ള നടപടികളിലേക്ക് കടക്കാനാകാതെ വന്നതോടെ ജെസി ആന്റണി യോഗം പിരിച്ച് വിട്ടു. ഇതിന് ശേഷം പ്രതിപക്ഷ സംഘടനകൾ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ പ്രകടനമായാണ് നഗരസഭാ കൗൺസിൽ ഹാളിന് പുറത്തേക്ക് വന്നത്.