തൊടുപുഴ: തൊടുപുഴ സബ് ഡിവിഷന് കീഴിലുള്ള വിവിധ സ്റ്റേഷനുകളിൽ നിന്നായി ഇരുന്നൂറോളം പൊലീസിനെയാണ് പ്രതിഷേധം നേരിടാൻ നിയോഗിച്ചിരുന്നത്. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു. നഗരസഭാ ഓഫീസിന് മുന്നിൽ ബാരിക്കേഡ് വച്ച് പ്രവേശനം പൂർണ്ണമായും തടഞ്ഞു. പൊലീസിന്റെ അനുമതിയില്ലാതെ ആർക്കും പ്രവേശനം സാദ്ധ്യമായിരുന്നില്ല. 11 മണിയോടെ കൗൺസിലർമാർ ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞത് അൽപ്പനേരം ബഹളത്തിനിടയാക്കി. ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കൗൺസിലർമാർക്ക് പ്രവേശനം നൽകിയതോടെ ബഹളം അവസാനിച്ചു. എന്നാൽ ഇതിന് ശേഷം കഴിഞ്ഞ ദിവസം തൊടുപുഴ സ്റ്റേഷനിൽ ചാർജ്ജെടുത്ത ഉദ്യോഗസ്ഥൻ പ്രവർത്തകരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടത് വൻ സംഘർഷത്തിനിടയാക്കി. ബഹളത്തിനിടെ ഈ ഉദ്യോഗസ്ഥൻ ബാരിക്കേഡ് മറികടന്ന് പുറത്തേക്ക് വന്ന് പ്രവർത്തകരുമായി രൂക്ഷമായ വാഗ്വാദവും ഉന്തും തള്ളും ഉണ്ടായി. ഒരു വേള ഇതേ ഉദ്യോഗസ്ഥൻ ലാത്തി വീശുന്ന ഘട്ടത്തിലേക്കെത്തി. അപ്പോൾ തന്നെ സഹപ്രവർത്തകരായ മറ്റ് ഉദ്യോഗസ്ഥരെത്തി ഉദ്യോഗസ്ഥനെ പിന്തിരിപ്പിച്ച് കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഉന്നത ഉദ്യോഗസ്ഥന്റെ നിർദ്ദേശ പ്രകാരം പ്രതിഷേധ സമരം അവസാനിക്കും വരെ ഈ ഉദ്യോഗസ്ഥൻ ബാരിക്കേഡിനുള്ളിൽ മാത്രമാണ് നിലയുറപ്പിച്ചത്. ഡ്യൂട്ടിക്കെത്തിയ ഡിവൈ.എസ്.പി ഉൾപ്പെടെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും തങ്ങളോട് മാന്യമായി പെരുമാറിയതെന്നും എന്നാൽ പുതുതായി വന്ന ഉദ്യോഗസ്ഥൻ മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.