
പീരുമേട് : പീരുമേട് പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് വണ്ടിപെരിയാർ സാമൂഹിക കേന്ദ്രത്തിൽ ഏതു സമയവും വെള്ളം കയറുന്ന സ്ഥിതിയായി. കൊല്ലം-തേനി ദേശീയപാതയുടെ സമീപത്തു കൂടിയാണ് പെരിയാർ -ചോറ്റുപാറ കൈത്തോട് ഒഴുകുന്നത് .വീതി കുറഞ്ഞ കൈ തോട്ടിൽ ഒരു ചെറിയ മഴപെയ്താൽ ഉടൻ തന്നെ ജലനിരപ്പ് ഉയരുകയും തോട് നിറയുകയും ചെയ്യുക പതിവാണ്. തോടിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥിരമായി വെള്ളം കയറുകയും ചെയ്യും. മുൻപ് എല്ലാവർഷവും സാമൂഹിക കേന്ദ്രത്തിൽ വെള്ളം കയറിയിരുന്നു. രോഗികൾ ഉൾപ്പെടെയുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.തോട്ടിൽ വെള്ളം കൂടുമ്പോൾ തോടിന്റെ വശങ്ങളിലെ താമസക്കാരുടെ വീടുകളിലേക്കും വെള്ളം കയറും.തോട്ടിൽ ഇനി രണ്ടടികൂടി ജലനിരപ്പ് ഉയർന്നാൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് വെള്ളം കയറാനിടയാകും.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വാഴൂർ സോമൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കുള്ള പാലം പൊളിച്ച് വെള്ളം കയറാത്ത രീതിയിൽ ഉയർത്തി പണിയുന്നതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു.