കുമളി :മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത്കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ മഴയുടെ ഇരട്ടി ഇന്നലെ രാവിലെ ആറിന് തിട്ടപ്പെടുത്തി. ജലനിരപ്പും വേഗത്തിൽ ഉയരുകയാണ്. ഇന്നലെ രാവിലെ ആറിന് 119.9 അടിയായിരുന്ന ജല നിരപ്പ് വൈകുന്നേരം ആറിന് 120.9 അടിയായി. ഇന്നലെ രാവിലെ ആറ് മുതൽ വൈകന്നേരം ആറ് വരെ ഒരടി വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. 25 ന് രാവിലെ 118.5 അടിയും 24 ന് 117. 9 അടിയുമായിരുന്നു ജലനിരപ്പ്.

അണക്കെട്ട് പ്രദേശത്ത് 25 ന് 48.6 തേക്കടിയിൽ 26.2 മില്ലീമീറ്ററും 24 ന് ഇത് അണക്കെട്ടിൽ 26.6 , തേക്കടിയിൽ 25. മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഇന്നലെ രാവിലെ അണക്കെട്ടിലേക്കൊഴുകിയെത്തുന്ന വെള്ളം സെക്കന്റിൽ 3579 ഘനയടിയും തമിഴ്‌നാട്ടിലേക്കൊഴുക്കുന്ന വെള്ളം 967 ഘനയടിയുമാണ്. ജലനിരപ്പ് ഉയരുന്നതിനുസരിച്ച് തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവും വർദ്ധിപ്പിക്കുന്നുണ്ട്. ഇന്നലെ രാവിലെ അണക്കെട്ട് പ്രദേശത്ത് 74.8 മില്ലീമീറ്ററും തേക്കടിയിൽ 53.4 അടിയും രേഖപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയുടെ ഇരട്ടി. ഇന്നലെ ഉച്ചകഴിഞ്ഞ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയോടൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ഇരട്ടിച്ചിട്ടുണ്ട്. ഈ നില തുടർന്നാൽ വ്യാഴാഴ്ച്ച രാവിലെയോടെ ജലനിരപ്പ് 122 അടി പിന്നിടും.