
വന്യമൃഗങ്ങളെ അകറ്റാൻ എ.ഐ ഫെൻസിംഗ്
തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ പരീക്ഷണാടിസ്ഥാനത്തിൽ വയനാട്ടിൽ നടപ്പിലാക്കുന്ന സ്മാർട്ട് ഫെൻസിംഗ് ഇടുക്കിയിലും ആരംഭിക്കാൻ സാദ്ധ്യത. വയനാട് മോഡൽ സംബന്ധിച്ച് പഠനങ്ങൾ അവസാന ഘട്ടത്തിലാണ്. രാജ്യത്ത് തന്നെ ആദ്യമായാണ് ആർട്ടിഫിഷ്യൽ ഇൻന്റലിജൻസ് സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി വയനാട്ടിലെ ഇരുളം ഫോറസ്റ്റ് റേഞ്ചിലെ ചേലക്കൊല്ലി വനാതിർത്തിയിൽ എ.ഐ ഫെൻസിംഗ് പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തിയായത്. ഇത് വിജയപ്രദമാണെന്ന് ബോദ്ധ്യപ്പെട്ടാൽ വനംവകുപ്പ് സംസ്ഥാനത്താകെ നടപ്പിലാക്കുമ്പോൾ ഏറെ പ്രയോജനം ലഭിക്കുക ഇടുക്കിയിലായിരിക്കും.
ഇപ്പോൾ ഇടുക്കിയിലടക്കം വൈദ്യുത, സോളാർ ഫെൻസിംഗാണ് നിലവിലുള്ളത്. അഞ്ച് അടിമുതൽ ഉയരമുള്ള ഇത്തരം വൈദ്യുതി വേലിയിൽ വന്യമൃങ്ങൾ സ്പർശിക്കുമ്പോൾ നേരിയ വൈദ്യതാഘാതം ഉണ്ടാക്കുകയും ഭയപ്പെട്ട് പിന്നീട് ഇവിടേയ്ക്ക് വരാതിരിക്കുകയും ചെയ്യും. ഒരളവ് വരെ വന്യമൃഗങ്ങളെ അകറ്റി നിർത്താൻ ഇത്തരം വൈദ്യുത ഫെൻസിംഗ് പ്രയോജനപ്രദമാണെങ്കിലും അടുത്തകാലത്തായി വർദ്ധിച്ച് വരുന്ന വന്യമൃഗങ്ങളുടെ കടന്ന് കയറ്റത്തെ ചെറുക്കാൻ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം വേലികൾ കെട്ടാൻ കഴിയാതെ പോകുന്നു. വനംവകുപ്പ് ഇക്കാര്യത്തിൽ ഏറെ പഴി കേൾക്കുന്ന സാഹചര്യമാണ് നില നിൽക്കുന്നത്. ജില്ലയിൽ കാട്ടാന, കടുവ, പുലി, കാട്ടുപോത്ത്, കരടി തുടങ്ങിയവയുടെ ആക്രമണം ദിനംപ്രതി കൂടിവരുകയാണ്. കൃഷിഭൂമി വ്യാപകമായി നശിപ്പിക്കുന്ന സാഹചര്യം കർഷകരെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യമറിയാൻ ക്യാമറകൾ സ്ഥാപിക്കൽ ഉൾപ്പടെയുള്ളവ നടപ്പിലാക്കുന്നുണ്ടെങ്കിലും കാടിറങ്ങിവരുന്ന വന്യമൃഗങ്ങളുടെ സഞ്ചാരം സംബന്ധിച്ച് മുൻകൂട്ടി നാട്ടുകാരെ അറിയിക്കാനുള്ള പരിമിതികളുണ്ട്. ഇതും തരണം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനംകൊണ്ട് സാദ്ധ്യമാകുമെന്നതാണ് പദ്ധതിയെ കൂടുതൽ ജനകീയമാക്കുന്നത്. എ.ഐ ഫെൻസിഗ് വഴി വന്യമൃഗങ്ങളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് അറിയുമ്പോൾ തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷൻ, വനംവകുപ്പിന്റെ ആർ.ആർ.ടി (റാപ്പിഡ് റെസ്പോൺസിബിൾ ടീം) യൂണിറ്റു മുതൽ തിരുവനന്തപുരത്തെ വനംവകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ വരെ ഇത് സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ ലഭിക്കും. ക്യാമറയിൽ നിന്നുള്ള ലൈവ് ദൃശ്യങ്ങളും ഇവിടേക്ക് തത്സമയം ലഭിക്കും എന്നതാണ് തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അധികൃതരെ സഹായിക്കുക. അപായ മുന്നറിയിപ്പായി അലാറം ലൈറ്റുകൾ എന്നിവയും പ്രവർത്തിച്ചുതുടങ്ങും. വന്യമൃഗങ്ങൾ എത്തിയ മേഖലയിലെ ജനങ്ങൾക്കും റോഡ് ഗതാഗതം ഉള്ളിടമാണെങ്കിൽ യാത്രക്കാർക്കും മുന്നറിയിപ്പ് നൽകാനാകും.
സ്മാർട്ടാണ് എല്ലാം
എ.ഐ ഫെൻസിംഗിൽ ക്രെയിനിലും കപ്പലുകളിലുമെല്ലാം ചരക്കുനീക്കത്തിനായി ഉപയോഗിക്കുന്ന ബലമുള്ള പ്രത്യേക ബെൽറ്റും സ്റ്റീൽ തൂണുകളും സ്പ്രിംഗുമാണ് ഉപയോഗിക്കുന്നത്. സ്പ്രിംഗായതിനാൽ ഇലാസ്റ്റിക് സ്വഭാവം കാണിച്ച് വലിയുമെന്നതിനാൽ വന്യമൃഗങ്ങൾ എത്ര ശക്തി ഉപയോഗിച്ചാലും തകരില്ല. ഇവിടെ സ്ഥാപിച്ചിരിക്കുന്നത് ഫോർ കെ ക്ളാരിറ്റിയുള്ള എ.ഐ ക്യാമറകളായതിനാൽ എത്ര രാത്രിയിലും വന്യമൃഗങ്ങളുടെ ദൃശ്യം വ്യക്തമായി പതിയും.
=എ.ഐ ഫെൻസിഗ് സ്ഥാപിച്ചാൽ വനാതിർത്തികടന്ന് വന്യമൃഗങ്ങൾ എത്തുന്നത് അറിയാനും പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകാനും വനം വകുപ്പിനാകും. എ.ഐ ഫെൻസിംഗിന് നൂറ് മീറ്റർ പരിധിയിൽ എത്തുമ്പോൾ തന്നെ എ.ഐ പ്രവർത്തനം ആരംഭിക്കും.
'പരീക്ഷണ അടിസ്ഥാനത്തിൽ വയനാട്ടിൽ എ.ഐ ഉപയോഗിച്ച് സ്മാർട്ട് ഫെൻസിംഗിന്റെ നിർമ്മാണം നടത്തികൊണ്ടിരിക്കുകയാണ്. വിജയിച്ചാൽ ചെലവുചുരുക്കി എല്ലായിടത്തും വ്യാപിപ്പിക്കും
വനംമന്ത്രി
എ.കെ. ശശീന്ദ്രൻ
(നിയമസഭയിൽ പറഞ്ഞത്)