അടിമാലി: കഞ്ചാവ്കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന യാവാവ് വീണ്ടും കഞ്ചാവുമായി പിടിയിലായി. നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.രാജേന്ദ്രന്റെ നേതൃത്വത്തിൽ അടിമാലി മച്ചിപ്ലാവു ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കോതമംഗലം കോട്ടപ്പടി കണ്ടത്തിൻകരയിൽ ബൈജുവിനെ (39) 1. 300 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ മച്ചിപ്ലാവ് വട്ടപ്പറമ്പിൽ ജെറിൻ തോമസ് (32) രക്ഷപെട്ടു. ഒന്നാം പ്രതിയായ ബൈജുവിനെ ജെറിന്റെ വീട്ടിന് സമീപത്തു നിന്നാണ് പിടികൂടിയത്. പ്രതികൾ മുൻപും കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ബൈജു അടിമാലി നർക്കോട്ടിക് സ്‌ക്വാഡ്, അടിമാലി എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളിലെ കഞ്ചാവ് കേസ്സുകളിലെ പ്രതിയാണ്. അടിമാലി എക്‌സൈസ് റേഞ്ച് ഓഫീസിലെ കഞ്ചാവ് കേസ്സിൽ ഉൾപ്പെട്ട് ഇയാൾഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. രണ്ടാം പ്രതി ജെറിൻ തോമസ് പാലാക്കാട് കേന്ദ്രീകരിച്ചുള്ള കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി കഞ്ചാവ് കേസ്സിലെ പ്രതിയുമാണ്. അടിമാലി മേഖലയിൽകഞ്ചാവ് കച്ചവടം നടത്തുന്നതിൽ പ്രധാനികളാണ് പ്രതികൾ. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ദിലീപ് എൻ.കെ, പ്രിവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, അബ്ദുൾ ലത്തീഫ് സി.എം, യദുവംശരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.