തൊടുപുഴ: കൈക്കൂലിക്കാരനായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജിവെക്കും വരെ മുൻസിപ്പൽ കൗൺസിൽ യോഗം ചേരാൻ അനുവദിക്കുകയില്ലെന്ന് നഗരസഭയിലെ പ്രതിപക്ഷ കക്ഷി നേതാക്കളായ അഡ്വ. ജോസഫ് ജോൺ, കെ ദീപക്, എം എ കരീം എന്നിവർ അറിയിച്ചു.കൈക്കൂലി കേസിൽ പിടിയിലായ നഗരസഭ അസി.എൻജിനീയർക്ക് കോഴ നൽകുന്ന കാര്യം ചെയർമാന് അറിയാമായിരുന്നു എന്നത് തന്നെ ഗുരുതരമായ വിഷയമാണ്. കോഴ നൽകാൻ ചെയർമാൻ പരാതിക്കാരന് നിർദ്ദേശം നൽകിയെന്ന് അദ്ദേഹം തന്നെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. അഴിമതി തടയാൻ ചെയർമാൻ ചെറുവിരൽ അനക്കാതെ കോഴ നൽകാൻ പരാതിക്കാരനെ പ്രേരിപ്പിച്ചത് നേരിട്ട് കൈക്കൂലി വാങ്ങുന്നതിലും ഗുരുതരമായ കുറ്റകൃത്യമാണ്. കോഴപ്പണത്തിന്റെ പങ്ക് പറ്റുന്ന ഇടപാടാണ് ചെയർമാൻ സ്വീകരിച്ചു വരുന്നത്. മുൻസിപ്പൽ ചെയർമാൻ നേരിട്ട് കൈക്കൂലി വാങ്ങിയ നിരവധി കേസുകൾ പുറത്തായി കൊണ്ടിരിക്കുകയാണ്. വ്യാപകമായ അഴിമതിയാണ് നഗരസഭയിൽ നടന്നത്. അഴിമതി പണത്തിന്റെ പങ്ക് പറ്റുന്നതുകൊണ്ട് അഴിമതിക്കാരായ നഗരസഭ ജീവനക്കാരുടെ മേൽ ചെയർമാന് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലായിരുന്നു. ഈ സാഹചര്യത്തിൽ നഗരസഭയുടെ നന്മയെ കരുതി ചെയർമാൻ തുടരുന്നിടത്തോളം കാലം കൗൺസിൽ ചേരാൻ അനുവദിക്കുന്നത് നഗരത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായി മാറും. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് അവർ പറഞ്ഞു.