തൊടുപുഴ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ അസി. എൻജിനിയറും കോൺട്രാക്ടറായ ഇടനിലക്കാരനും അറസ്റ്റിലായ സംഭവത്തിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതി ചേർക്കപ്പെട്ട ചെയർമാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തിപ്പെടുത്താനിരിക്കെ സി.പി.എം ജില്ലാ നേതൃത്വം സനീഷ് ജോർജ്ജിനെ വിളിച്ചുവരുത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസാണ് ചെറുതോണിയിലെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ചെയർമാനെ വിളിച്ചുവരുത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ സി.പി.എം ഈസ്റ്റ് ഏരിയാ കമ്മിറ്റി ഓഫീസിലാണ് ചെയർമാൻ ആദ്യം എത്തിയത്. തുടർന്ന് ചർച്ചകൾക്ക് ശേഷം തൊടുപുഴയിലെ സി.പി.എം നേതാക്കളോടൊപ്പമാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയത്. പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കിയ സംഭവത്തിലുള്ള കടുത്ത അതൃപ്തി ജില്ലാ സെക്രട്ടറി അറിയിച്ചതായാണ് സൂചന. എന്നാൽ തത്കാലം രാജിവയ്ക്കേണ്ടെന്ന നിലപാട് സ്വീകരിച്ചെന്നാണ് അറിവ്.
അതേസമയം താൻ തെറ്റുകാരനല്ലെന്ന നിലപാട് സനീഷ് ജോർജ്ജ് ആവർത്തിച്ചതായാണ് വിവരം. ഇപ്പോൾ രാജി വച്ചാൽ താൻ തെറ്റുകാരനെന്ന് സമ്മതിക്കും പോലെയാകുമെന്നും നേതൃത്വത്തെ ധരിപ്പിച്ചതായാണ് അറിവ്. എന്തായാലും ജില്ലാ കമ്മിറ്റിയാകും ചെയർമാൻ സ്ഥാനത്ത് നിന്നും സനീഷ് ജോർജ്ജിനെ മാറ്റി നിർത്തണോ തുടരാൻ അനുവദിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ചെറുതോണിയിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ ചെന്നതായി സനീഷ് ജോർജ്ജ് സമ്മതിച്ചെങ്കിലും കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട സംഭവം ചർച്ചയായില്ലെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയിലെ ഒമ്പതാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് ചർച്ചയായതെന്ന് ചെർമാൻ പറഞ്ഞു. ഇതിനായി തൊടുപുഴയിലെ എൽ.ഡി.എഫ് നേതാക്കളും കൗൺസിലർമാരും ഉൾപ്പെടെയുള്ളവരുടെ യോഗം ഒരാഴ്ചയ്ക്കുള്ളിൽ വിളിച്ച് ചേർക്കുമെന്നാണ് ജില്ലാ നേതൃത്വം അറിയിച്ചത്. ഈ യോഗത്തിൽ നഗരസഭയിലെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനാണ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ ചർച്ചയിലെ തീരുമാനമെന്നും സനീഷ് ജോർജ്ജ് പറഞ്ഞു.
വെട്ടിലായി ഇടതുമുന്നണി
ഏതാനും മാസങ്ങൾക്ക് മുമ്പ് സി.പി.എമ്മിന്റെ രണ്ട് മുൻ കൗൺസിലർമാർ അസി. എൻജിനിയറുടെ പരാതിയിൽ പ്രതിചേർക്കപ്പെട്ടിരുന്നു. ഇതേ ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഒപ്പം സ്വന്തം ചെയർമാനും കൂടി പ്രതി ചേർക്കപ്പെട്ടതോടെ ഇടത് മുന്നണി ഒന്നാകെ വെട്ടിലായി. തൊടുപുഴയിലെ സി.പി.എം- ഡി.വൈ.എഫ്.ഐ നേതാക്കൾ അഴിമതി വീരൻ അസി. എൻജിനിയർ അറസ്റ്റിലായെന്ന നവമാദ്ധ്യമ കുറിപ്പ് ഇറക്കിയെങ്കിലും ഒപ്പം നിങ്ങളുടെ ചെയർമാനും ഉണ്ടല്ലോ എന്ന പ്രതികരണങ്ങളിൽ മറുപടിയില്ലാത്ത അവസ്ഥയിലായി. ഇത്രയേറെ ജനദ്രോഹ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള വിജിലൻസിനെക്കൊണ്ട് പൂട്ടിച്ചു എന്ന അവകാശവാദം ഉന്നയിക്കാൻ പോലും ചെയർമാൻ കാരണം എൽ.ഡി.എഫ് സാധിച്ചില്ല. ഇത്തരത്തിൽ നിരവധി ആരോപണങ്ങളും പരാതികളുമാണ് പല ഇടത് നേതാക്കളും ഉയർത്തുന്നത്.