കട്ടപ്പന :സഹകരണ സ്ഥാപനങ്ങൾ നാടിന്റെ നന്മയ്ക്ക്, കരുത്തേകാൻ ഒരുമിക്കാം എന്ന മുദ്രാവാക്യവുമായി സഹകരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശനിയാഴ്ച ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്കിൽ ഗ്രാമീണ നിക്ഷേപ സമാഹരണ യജ്ഞവും സഹകാരി സംഗമവും നടത്തും. വൈകുന്നേരം 3.30ന് എം എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും. കാർഷിക മേഖല കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന ബാങ്കിന് 132 കോടി പ്രവർത്തന മൂലധനവും 42 കോടി രൂപ നിക്ഷേപവും 81 കോടി രൂപ വായ്പയുമുണ്ട്. ചെമ്പകപ്പാറ, ഈട്ടിത്തോപ്പ്, നെല്ലിപ്പാറ എന്നിവിടങ്ങളിൽ ശാഖകളും പ്രവർത്തിച്ചുവരുന്നു. ശാന്തിഗ്രാം, നെല്ലിപ്പാറ, കൊച്ചുകാമാക്ഷി എന്നിവിടങ്ങളിൽ സഹകരണ നീതി സ്റ്റോറുകളും ശാന്തിഗ്രാം, ചെമ്പകപ്പാറ എന്നിവിടങ്ങളിൽ വളം ഡിപ്പോയും ഇടിഞ്ഞമലയിൽ കാർഷിക നഴ്സറിയും ശാന്തിഗ്രാമിൽ ഹെഡ് ഓഫീസിനോടനുബന്ധിച്ച് സഹകരണ ഏലക്ക സ്റ്റോറും പ്രവർത്തിക്കുന്നു.
പ്രസിഡന്റ് ജോയി ജോർജ് കുഴികുത്തിയാനി, വൈസ് പ്രസിഡന്റ് കെ ജി വാസുദേവൻ നായർ, സെക്രട്ടറി ടി എസ് മനോജ്, ഭരണസമിതിയംഗങ്ങളായ ബെന്നി തോമസ്, രാജൻ ശ്രീധരൻ, ബിൻസി ജോണി എന്നിവർ ചടങ്ങുകൾ വിശദീകരിച്ചു.