കട്ടപ്പന :ശക്തമായ മഴയിൽ പുഴയിൽ ജലനിരപ്പുയർന്ന് ജോഡിന്റെ ഒരു വശം ഇടിഞ്ഞു. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട കക്കാട്ടുകട,വാലിൻ മേൽപ്പടി പാതിയിൽപടി റോഡാണ് ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഇടിഞ്ഞു പോയത്. വെള്ളം ഇടിച്ചു കയറി റോഡിന്റെ അടിഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടു. ഇതോടെ വീണ്ടും ഇടിയാനുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്. ഇതോടെ പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ യാത്രാ മാർഗ്ഗം തടസ്സപ്പെട്ടു .
മുമ്പ് ഇവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള യാത്രാമാർഗമായി അറിന് കുറുകെ പാലം ഉണ്ടായിരുന്നു .ഈ പാലം പുതുക്കിപ്പണിയുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിന് സമാന്തരമായി താൽക്കാലികമായി നാട്ടുകാർ ഒരു പാലം നിർമ്മിച്ചുവെങ്കിലും ശക്തമായ മഴവെള്ളപ്പാച്ചിൽ അതും ഒഴുകിപ്പോയി.
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ , വില്ലേജ് ഓഫീസ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശവാസികൾക്ക് ബദൽ യാത്രാ മാർഗ്ഗം ഒരുക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് അറിയിച്ചു.