കോടിക്കുളം: ഈ വർഷത്തെ തിരുവാതിര ഞാറ്റുവേലയോട് അനുബന്ധിച്ച് കോടിക്കുളം കൃഷിഭവന്റെ നേതൃത്വത്തിൽ ജൂലായ് 3 ന്ഞാറ്റുവേല ചന്തയും കർഷക സഭയും നടക്കും. രാവിലെ 10.30ന് കോടിക്കുളം കൃഷിഭവൻ ഹാളിൽ സംഘടിപ്പിക്കുന്ന സംഘടിപ്പിക്കുന്നകർഷക സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. വി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. കർഷകർക്ക് അവരവർ ഉത്പാദിപ്പിച്ചിട്ടുള്ള നടീൽ വസ്തുക്കൾ (വിത്തുകൾ, തൈകൾ, നടുതലകൾ മുതലായവ) ജൈവ വളങ്ങൾ എന്നിവയുടെ വിപണനവും നടത്താവുന്നതാണ്. കൂടാതെ തെങ്ങിന്റെ വിള പരിപാലനവും, കീട രോഗ നിയന്ത്രണവും എന്ന വിഷയത്തിൽ റിട്ട. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിജുമോൻ സക്കറിയ പരിശീലനം നൽകും.കർഷക സഭയിലേക്ക് എല്ലാ വാർഡിൽ നിന്നുമുള്ള കൃഷിക്കൂട്ടങ്ങളുടെയും കർഷകരുടെയും പ്രാതിനിധ്യം ഉണ്ടാവണമെന്നും, കോടിക്കുളം ഗ്രാമ പഞ്ചായത്തിലെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും കർഷക ക്ഷേമത്തിനും ഉതകുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങളും, നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും യോഗത്തിൽ അവതരിപ്പിക്കണമെന്നും കൃഷി ഓഫീസർ അഭ്യർത്ഥിച്ചു.