
പീരുമേട്: ഏലപ്പാറ -വാഗമൺ പാതയിൽ ബോണാമിക്ക് സമീപം സ്‌കൂൾ ബസും കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കൂട്ടിയിടിച്ചു. . അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. . 6 വിദ്യാർത്ഥികൾക്കും കെ.എസ്. ആർ ടി.സി. ബസിലെ ഒരു യാത്രക്കാരനുമാണ് പരിക്കേറ്റത്.
ഏലപ്പാറ- വാഗമൺറോഡിൽ വീതി കുറവുള്ള ഭാഗത്തു വച്ചാണ് അപകടം സംഭവിച്ചത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇരു വാഹനങ്ങളിലും ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. പീരുമേട് പൊലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പിന്നീട് ഇരു വാഹനങ്ങളും റോഡിൽ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു.
ഓട്ടോറിക്ഷ മറിഞ്ഞ്
നാലുപേർക്ക് പരിക്ക്
പീരുമേട് : മൂങ്കലാർ ഏഴാം നമ്പർ പുതുവൽ ഭാഗത്തുനിന്നും രണ്ടാം നമ്പർ ജംഗ്ഷനിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ റോഡിൽ നിന്നും തെന്നിമാറി ഇരുന്നൂറ് ആടി താഴ്ച്ചയിലെ തേയില തോട്ടത്തിൽ മറിഞ്ഞ് നാലു പേർക്ക് പരിക്ക് പറ്റി.. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം. സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന എസ്റ്റേറ്റ് തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കുമളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂങ്കലാർ സ്വദേശികളായ ഓട്ടോ ഡ്രൈവർ രാജൻ (42) പ്രഭ (40), അഗസ്റ്റിൻ 52, മുരുകേശ്വരി (38),എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷപൂർണ്ണമായും തകർന്നു.