തൊടുപുഴ: ജില്ലയിലെ സി.പി.എം നേതൃത്വം അഴിമതിക്കാരുടെ തടവറയിലാണെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാന്റെ രാജിയിൽ നിന്നും ഇനിയും സംരക്ഷിച്ച് നിർത്തിയിട്ടുള്ളത് സി.പി.എം ജില്ലാ കമ്മിറ്റിയാണ്. ചെയർമാന്റെ രാജി ആവശ്യപ്പെട്ടാൽ പാർട്ടിക്കെതിരെ കൂടി അഴിമതി ആരോപണങ്ങൾ നീളും എന്ന ഭീഷണിയാണ് പാർട്ടി നേതൃത്വത്തിന് മുന്നിൽ മുൻസിപ്പൽ ചെയർമാൻ ഉയർത്തിയിട്ടുള്ളത്. രാജിക്കാര്യം ചർച്ചചെയ്യാൻ പോലും നേതൃത്വം തയ്യാറാകാത്തത് ഇതുകൊണ്ടാണ്.
അധികാരികളുടെ അഴിമതിയെ ഭയപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കോൺട്രാക്ടർമാർ മുന്നോട്ട് വരാത്തതിനാൽ പദ്ധതി നിർവഹണം തടസ്സപ്പെടുകയും ഫണ്ട് ചെലവഴിക്കൽ 50 ശതമാനത്തിൽ താഴെ ആവുകയും ചെയ്തു. നഗരവികസനം തകർച്ചയിൽ ആയി. ഇതെല്ലാം പ്രതിപക്ഷ കൗൺസിലർമാർ പലതവണ ഉന്നയിച്ചിട്ടുള്ളത് വാസ്തവം ആയിരുന്നു എന്നുള്ളത് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. നഗരസഭ ചെയർമാന്റെ രാജി എത്രയും വേഗം എഴുതി വാങ്ങാൻ സി.പി.എം തയ്യാറാകണം. ഇക്കാര്യത്തിൽ എൽ.ഡി.എഫിലെ ഘടകകക്ഷികളും തുല്യ ഉത്തരവാദികളാണെന്നും അവർ ആരോപിച്ചു.
യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ എൻ .ഐ ബെന്നി, സെക്രട്ടറി അഡ്വ. ജോസി ജേക്കബ്, ഐ യു എം എൽ ജില്ലാ ട്രഷറർ ടി. കെ നവാസ്, മുനിസിപ്പൽ കൗൺസിലർമാരായ കെ. ദീപക്, എം എ കരീം, അഡ്വ .ജോസഫ് ജോൺ, സനു കൃഷ്ണൻ, യു ഡി എഫ് മുനിസിപ്പൽ കൺവീനർ കെ ജി സജിമോൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


ഇന്ന് ധർണ്ണ സമരം

കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് മുൻസിപ്പൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് മുൻസിപ്പൽ ഓഫീസിന് മുമ്പിൽ ധർണ്ണ സമരം നടത്തുന്നതാണ് മണ്ഡലം ചെയർമാൻ എം.എ. കരിം ,കൺവീനർ കെ.ജീ.സജീമോൻ സെക്രട്ടറി ഫിലിപ്പ് ചേരി എന്നിവർ അറിയിച്ചു.