അടിമാലി:കൊച്ചിധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം വനമേഖലയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ നേര്യമംഗലം വനമേഖലയുടെ മൂന്നുകലുങ്കിലാണ് കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻപിലേക്ക് വലിയ മരംവീണത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽകൊണ്ടാണ് മരം ബസിന് മുകളിലേക്ക് വീഴാതെ രക്ഷപ്പെട്ടത്. ചെറിയൊരു കാറ്റും മഴയും വന്നാൽ ഏതുസമയത്തും മരങ്ങൾ റോഡിലേക്ക് വീഴാവുന്ന അവസ്ഥയിലാണ് നിൽക്കുന്നത്. റോഡിന് മുകളിൽ നിൽക്കുന്ന മരങ്ങളുടെ അടിമണ്ണ് ഒലിച്ചുപോയി റോഡിലേക്ക് ചെരിഞ്ഞുനിൽക്കുന്നു. ചെറിയൊരു കാറ്റ് വരുമ്പോൾ ഇവ റോഡിലേക്ക് വീഴുന്നു. ഇതാണ് നിലവിലെ അവസ്ഥ. ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.മരങ്ങൾ വെട്ടിമാറ്റാൻ നടപടി വൈകുന്നതിൽ ആക്ഷേപം ശക്തമാണ്. നേര്യമംഗലം മുതൽ വാളറ വരെ നൂറു കണക്കിന് മരങ്ങളാണ് നിലംപതിയ്ക്കാറായി നിൽക്കുന്നത്.