തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് നിർമ്മിക്കുന്ന സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെല്ലിനായുള്ള പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണം പൂർത്തിയായി. നാഷണൽ ആയുഷ് മിഷനിൽ നിന്നുള്ള ഒരു കോടിയാണ് നിർമ്മാണത്തിനായി വിനിയോഗിച്ചത്. റവന്യു വകുപ്പ് വിട്ടു നൽകിയ 43.24 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് കെട്ടിടം നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായ കെട്ടിടത്തിൽ ഒ.പി വിഭാഗം ഉൾപ്പെടെയുള്ള പ്രവർത്തനം ഉടൻ ആരംഭിക്കാനുള്ള നീക്കത്തിലാണ് അധികൃതർ. തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് 2009ലാണ് കായിക താരങ്ങളുടെ ചികിത്സയ്ക്കും മറ്റുമായി സ്‌പോർട്‌സ് ആയുർവേദ റിസർച്ച് സെൽ പ്രവർത്തനം ആരംഭിച്ചത്. ദേശീയ- അന്തർ ദേശീയ കായികതാരങ്ങളടക്കം ആയിരക്കണക്കിന് പേരാണ് ഇവിടെ ചികിത്സ തേടി പരിക്കുകളിൽ നിന്ന് മുക്തരായത്. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള പ്രമുഖ കായിക താരങ്ങളടക്കം ഇവിടെ ചികിത്സ തേടിയിരുന്നു. ഇതോടെ കായിക ചികിത്സാ വിഭാഗത്തിനായി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം വേണമെന്ന ആവശ്യം ശക്തമായിരുന്നു. നിലവിലുണ്ടായിരുന്ന ആശുപത്രി കെട്ടിടത്തിലെ പരിമിതമായ സൗകര്യത്തിലാണ് സ്‌പോർട്‌സ് ആയുർവേദ സെൽ പ്രവർത്തിച്ചു വരുന്നത്. ഇതിനായി പുതിയ കെട്ടിടം നിർമ്മിക്കണമെന്നുള്ള ആവശ്യം ഇവിടെ ചികിത്സയ്ക്കെത്തിയ കായിക താരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്‌പോർട്‌സ് വിഭാഗത്തിനായി ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കുന്നതിനായി നിർദേശങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട് ആശുപത്രി അധികൃതർ സർക്കാരിന് സമർപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പിയും കേന്ദ്ര ആയുഷ് മിഷനിൽ ആവശ്യമായ ഇടപെടലുകൾ നടത്തി. ജില്ലയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള കായിക ചികിത്സ കേന്ദ്രം ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ നടപടി ക്രമങ്ങൾ വൈകിയതിനാൽ രണ്ടു വർഷം മുമ്പെങ്കിലും നിർമ്മാണം പൂർത്തിയാക്കേണ്ട സ്ഥാപനത്തിന് വൈകിയാണ് അനുമതി ലഭിച്ചത്. ഇതിനിടെ തൃശൂരിൽ ആധുനിക സൗകര്യങ്ങളോടെ ആയുർവേദ കായിക ആശുപത്രി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്‌പോർട്‌സ് ആയുർവേദിക് സെൽ കൺവീനർ ഡോ. ആർ. വിനീത്, കോ- ഓർഡിനേറ്റർ ഡോ. അനുപ്രിയ പി. മണി എന്നിവരാണ് കായിക ചികിത്സാ വിഭാഗത്തിന് നേതൃത്വം നൽകുന്നത്. സെൽ പൂർണ സജ്ജമാകുന്നതോടെ കൂടുതൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനം ആവശ്യമായി വരും.
സെല്ലിന്റെ ലക്ഷ്യം
ആയുർവേദ ചികിത്സ കൂടാതെ ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിച്ച് മെഡിറ്റേഷനിലൂടെയും യോഗയിലൂടെയും ചികിത്സകളിലൂടെയും കായിക ക്ഷമത വർദ്ധിപ്പിക്കുകയാണ് ആയുർവേദ റിസർച്ച് സെല്ലിലൂടെ ലക്ഷ്യമിടുന്നത്. ന്യൂട്രീഷനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനമുണ്ടാകും. സ്‌പോർട്‌സ് ചികിത്സയിൽ ആയുർവേദ ഡോക്ടർക്ക് പരിജ്ഞാനം നൽകുന്ന സംവിധാനവുമുണ്ടാകും.
എല്ലാ സൗകര്യങ്ങളുമുള്ള അഞ്ച് നില കെട്ടിടം
അഞ്ചു നിലയുള്ള കെട്ടിടം നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ഒരു നിലയാണ് നിർമ്മാണം പൂർത്തിയായിരിക്കുന്നത്. പൂർത്തിയായ കെട്ടിടത്തിൽ മൂന്ന് ഒ.പി മുറികൾ, ഫാർമസി, രോഗികൾക്കുള്ള വിശ്രമമുറി, ടോയ്‌ലറ്റുകൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളാണുള്ളത്. മുകൾ നിലകളിൽ കിടത്തി ചികിത്സയ്ക്കുള്ള മുറികൾ, ആധുനിക ചികിത്സാ സൗകര്യങ്ങൾ, ഓപ്പൺ ജിം എന്നിവയും ആരംഭിക്കും.