aiyf
കുമളിയിൽ എ.ഐ.വൈ.എഫ് സംസ്ഥാന ശില്പശാല എ.ഐ.വൈ.എഫ് ദേശീയ പ്രസിഡന്റ് സുഖ്ജിന്ദർ മഹേശ്വരി ഉദ്ഘാടനം ചെയ്യുന്നു

കുമളി: കോർപറേറ്റ് വിധേയത്വം മുഖമുദ്രയാക്കിയ സംഘ്പരിവാർ ഭരണകൂടം മുതലാളിത്ത പ്രീണന നയങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്ന് എ.ഐ.വൈ.എഫ് ദേശീയ പ്രസിഡന്റ് സുഖ്ജിന്ദർ മഹേശ്വരി ആരോപിച്ചു. കുമളിയിൽ എ.ഐ.വൈ.എഫ് സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വിദേശ മൂലധന നിക്ഷേപത്തിനുള്ള വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കിയും പ്രതിരോധവും റെയിൽവേയും ഉൾപ്പെടെയുള്ള നിരവധി വ്യവസായങ്ങളിൽ കൂടുതൽ വിദേശമൂലധന നിക്ഷേപം അനുവദിച്ചു കൊണ്ടും സമ്പദ് വ്യവസ്ഥയെയാകെ മുതലാളിത്ത നിയന്ത്രണത്തിൽ കൂടുതൽ വളരാൻ അനുവദിക്കുകയുമാണ് മോദി സർക്കാർ. രാജ്യത്തിന്റെ ചരിത്രത്തിൽ തൊഴിലില്ലായ്മ എത്തിച്ച മോദിയുടെ സർക്കാർ ജനങ്ങളെ അതിദാരിദ്ര്യത്തിലേക്ക് ചവിട്ടി താഴ്ത്തുകയാണ്. മോദി ഇന്ത്യയെ വർഗീയവാദമുയർത്തി ഭിന്നിപ്പിക്കാനും തകർക്കാനും ശ്രമിച്ച ചരിത്രം മാത്രമുള്ള ആർ.എസ്.എസ്- ബി.ജെ.പി നയങ്ങളുടെ ഭാഗമാണ് മണിപ്പൂരിൽ നടക്കുന്നതെന്നും സുഖ്ജിന്ദർ മഹേശ്വരി പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാർ, സംഘാടക സമിതി ചെയർമാൻ ജോസ് ഫിലിപ്പ്, വി.എസ്. അഭിലാഷ്, ഭവ്യ കണ്ണൻ,​ വി.കെ. ബാബുക്കുട്ടി,​ കെ.ജെ. ജോയ്സ്,​ സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.